സ്മാർട്ട്ഫോൺ വിപണിയിലെ കടുത്ത മത്സരത്തിനിടയിലും ആപ്പിളിന്റെ പുതിയ നീക്കം ദക്ഷിണ കൊറിയയിൽ സാംസംഗിന് അനുഗ്രഹമായി മാറുന്നു. ആപ്പിൾ ആദ്യമായി ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പ്രവേശിച്ചത് ഗാലക്സി ഇസഡ് ഫോൾഡ് 8 മോഡലിന്റെ വിൽപ്പന ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 9, 2026-നാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ ഡുയോ വിപണിയിൽ അവതരിപ്പിച്ചത്. പാസ്പോർട്ട് മാതൃകയിലുള്ള ഈ വീതിയേറിയ ഫോൾഡബിൾ ഫോണിന്റെ വരവോടെ മൊത്തത്തിലുള്ള ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ കൂടുതൽ തിരിഞ്ഞിട്ടുണ്ട്.
ഇത് സാംസംഗിന് വലിയ തോതിൽ ഗുണം ചെയ്തുവെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമമായ മെയ്ൽ ബിസിനസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ ഡുയോ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദക്ഷിണ കൊറിയയിൽ ഗാലക്സി ഇസഡ് ഫോൾഡ് 8 വിൽപ്പനയിൽ “ഏകദേശം 10%” വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആപ്പിൾ പുതിയ ഫോൺ അവതരിപ്പിക്കുന്നതും കാത്ത് വാങ്ങൽ നീട്ടി വെച്ചിരുന്ന ഉപഭോക്താക്കൾ പിന്നീട് സാംസംഗിലേക്ക് തിരിഞ്ഞതാണ് ഈ വിൽപ്പന വർധനവിന് കാരണമെന്നാണ് വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. വിലയിലെ വലിയ വ്യത്യാസവും സാംസംഗിന് അനുകൂല ഘടകമായി.
ദക്ഷിണ കൊറിയയിൽ ഗാലക്സി ഇസഡ് ഫോൾഡ് 8-ന്റെ പ്രാരംഭ വില ഏകദേശം 22.8 ലക്ഷം വോൺ (ഏകദേശം $1,650) ആണ്. എന്നാൽ ഐഫോൺ ഡുയോയ്ക്ക് 32.9 ലക്ഷം വോൺ (ഏകദേശം $2,400) ആണ് വിലവരുന്നത്.
ഈ വലിയ വില വ്യത്യാസം കാരണം ഉപഭോക്താക്കൾ താരതമ്യേന വില കുറഞ്ഞ സാംസങ് മോഡൽ തിരഞ്ഞെടുക്കാൻ കാരണമായി. കൂടാതെ ഐഫോൺ ഡുയോയെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമാണ് ഗാലക്സി ഇസഡ് ഫോൾഡ് 8 എന്നതും ശ്രദ്ധേയമാണ്.
എങ്കിലും ആപ്പിളിന്റെ വരവ് സാംസംഗിന് ദീർഘകാലത്തേക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോൾ തന്നെ വ്യക്തമല്ല. യുഎസിലെ വിപണിയിൽ സമാനമായ രീതിയിലുള്ള മാറ്റങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അവിടെ ഇരു ഫോണുകളും തമ്മിലുള്ള വില വ്യത്യാസം വളരെ കുറവാണ് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

