ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നു മാരക മയക്കുമരുന്നായ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ മലയാളി ഡിജെയും വിദേശ പൗരന്മാരും ഉൾപ്പെടെയുള്ള ഏഴുപേരെ കൊച്ചി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നു പേർ മുൻപ് യുഎഇയിൽ ലഹരിമരുന്നു കേസുകളിൽ ശിക്ഷിക്കപ്പെട്ട് അവിടән നാടുകടത്തപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി.
‘ഓപ്പറേഷൻ ഡൊമിനോ’യുടെ ഭാഗമായി 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.10 ഗ്രാം കൊക്കെയ്ൻ പിടികൂടിയ കേസിലാണ് ഈ നടപടി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാർഥ് ദാമോർ, കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി പി.അഫ്ലാഹ്, പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, തമിഴ്നാട് സ്വദേശി അരുൺ രാജ്കുമാർ, നൈജീരിയക്കാരി സോണിയ എന്ന ചിസോബ ഹെലൻ ആന്തണി, സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരാണ് പിടിയിലായത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം കേരളത്തിലെ വിവിധ പാർട്ടികൾക്കും മറ്റും ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരാണ്. ഗുർപ്രീത് സിങ്, ഹംദാൻ അഹമ്മദ്, പി.അഫ്ലാഹ് എന്നിവരെ 8.12 ഗ്രാം കൊക്കെയ്നുമായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ മാസം പത്തിനാണ് കസ്റ്റഡിയിലെടുത്തത്.
ഈ സംഘത്തിൽപ്പെട്ട സിദ്ധാർഥ് ദാമോറിനെ അന്നേ ദിവസം തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ പിടികൂടുകയായിരുന്നു.
ഊട്ടിയിൽ ഒരു റിസോർട്ടിന്റെ ഉടമ കൂടിയായ സിദ്ധാർഥ് ദമോറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പലയിടത്തും ഡിജെ പാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു എന്ന് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയതിനു പിന്നാലെയാണ് ലഹരിമരുന്നു സംഘത്തിലെ പ്രധാന കണ്ണിയും ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളുമായ അരുൺ രാജ്കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വിദേശികളിൽ നിന്നു കൊക്കെയ്ൻ വാങ്ങി ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്തിരുന്നത് അരുൺ രാജ്കുമാറാണ്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൈജീരിയക്കാരിയായ സോണിയ എന്ന ചിസോബ ഹെലൻ ആന്തണിയെ 12-ാം തീയതിയും സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെ 13-ാം തീയതിയും ബെംഗളൂരുവിൽ നിന്ന് എൻസിബി അറസ്റ്റ് ചെയ്തത്.
ഇവരില് നിന്ന് യഥാക്രമം 16 ഗ്രാം, 8.98 ഗ്രാം വീതം കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്. അടിയന്തര മെഡിക്കൽ വീസയിലാണ് ചിസോബ പത്തു വർഷം മുൻപ് ഇന്ത്യയിലെത്തിയത്.
വിദ്യാർഥി വീസയിലാണ് മുഫുകാരെ ഇവിടെയെത്തിയത് എന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, പി.അഫ്ലാഹ് എന്നിവർ മുൻപ് യുഎഇയിൽ ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും, ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട
ശേഷം ഇവർ ഈ കേസിൽ പിടിയിലായ മറ്റുള്ളവരുമായി ബന്ധം പുതുക്കുകയായിരുന്നുവെന്നും എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

