ഗൾഫിൽ നിന്നെത്തിയ സുഹൃത്തിന്റെ ഫോൺ കോൾ സംബന്ധിച്ച തർക്കത്തെത്തുടർന്ന് യുവാവിന് നേരെ വധശ്രമം. പിറവം കക്കാട് സ്വദേശിയായ അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്.
എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളെ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേപ്പിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദനു, സൽബറിൻ, കൂടാതെ ചാക്ക്നൂൽ എന്നറിയപ്പെടുന്ന മറ്റൊരു വ്യക്തി എന്നിവർക്കെതിരെ പിറവം പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എഫ്ഐആറിലെ വിവരങ്ങൾ പ്രകാരം, ഇന്ന് പുലർച്ചെ 12.15നും 1.30നും ഇടയിൽ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കത്തിക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ ജിഷ്ണുവിന്റെ കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇയാൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ ഒഴിക്കാനെന്ന വ്യാജേനയാണ് പ്രതികൾ പെട്രോൾ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഗൾഫിൽ നിന്ന് അടുത്തിടെ എത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ അരുൺ തുടർച്ചയായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് വീണ്ടും വിളിച്ചപ്പോൾ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് കോൾ എടുത്തത്.
എന്നാൽ ഫോൺ എടുത്തത് ജിഷ്ണു ആണെന്ന് തെറ്റിദ്ധരിച്ച് അരുൺ അസഭ്യം പറഞ്ഞതാണ് പിന്നീട് പെട്രോളൊഴിച്ചുള്ള അക്രമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നാലു പേരും അരുണുമായി വാക്കേറ്റം നടത്തുന്നതിനിടയിൽ ജിഷ്ണു കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പി തുറന്ന്, “നീ എന്റെ വീട്ടിലുള്ളവരെ ഫോൺ വിളിച്ച് തെറി പറയുമോടാ, നിന്നെ ഞാൻ ഇന്ന് കത്തിക്കുമെടാ” എന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
തുടർന്ന് കുപ്പിയിലുണ്ടായിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തേക്ക് ഒഴിക്കുകയും, മറ്റ് മൂന്നു പേരും ചേർന്ന് “ആ അവനെ കത്തിച്ചു കൊല്ലെടാ, അവനെ വച്ചേക്കരുത്” എന്ന് ആക്രോശിച്ചതായും എഫ്ഐആറിൽ പറയുന്നു. ഇതിനുപിന്നാലെ ജിഷ്ണു ലൈറ്റർ കത്തിച്ച് അരുണിന്റെ ശരീരത്തേക്ക് ഇടുകയായിരുന്നു.
അരുണും പ്രതികളും മുൻപും ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ ഒരാൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്നും വിവരമുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിഎൻഎസ് നിയമപ്രകാരം വധശ്രമം, ഗുരുതരമായി പരുക്കേൽപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

