തലസ്ഥാന ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയ്ക്ക് ഒരു പരിധിവരെ തടയിടാൻ ഉതകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ചിന്ത കൂടിയുണ്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വി.ശിവൻകുട്ടിയുടെ വരവിനു പിന്നിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്ന തന്നെ നേമത്തു നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ട്.
എംഎൽഎയായ വി.ജോയി തന്നെ ജില്ലാ സെക്രട്ടറി സ്ഥാനം കയ്യിൽ വച്ചിരിക്കുന്നതിന്റെ പരിഭവവുമുണ്ട്. ഈ നിരാശ പരിഹരിക്കുന്നതിനൊപ്പം ജില്ലയിലെ പാർട്ടിയിൽ ഒരു വെടി നിർത്തൽ കൂടിയാണു സംസ്ഥാന നേതൃത്വം ലക്ഷ്യം വച്ചത്.
ആനാവൂർ നാഗപ്പൻ ഒഴിഞ്ഞ ശേഷം തലസ്ഥാന ജില്ലയ്ക്കു സിപിഎം സെക്രട്ടേറിയറ്റിൽ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടെ പലവട്ടം ചർച്ചയാവുകയും സംസ്ഥാന നേതൃത്വത്തിനു മുൻപിൽ വയ്ക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റ് അഴിച്ചുപണി വന്നപ്പോൾ ഈ കുറവു ശിവൻകുട്ടിയിലൂടെ നികത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിശ്വസ്തനായ ശിവൻകുട്ടിയുടെ വരവിനു പിന്നിൽ പിണറായി വിജയൻന്റെ താൽപര്യവുമുണ്ടായിരുന്നു എന്നാണു വിവരം.
ജില്ലയിൽ നിന്നുള്ള ഏക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുന്നതോടെ ശിവൻകുട്ടി കൂടുതൽ ശക്തനാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജോയി തുടരുന്നതിനോട് ഒരു വിഭാഗത്തിന് എതിർപ്പുള്ളതിനാൽ അദ്ദേഹത്തിന്റെ പേരും സെക്രട്ടേറിയറ്റിലേക്ക് ഉയർന്നിരുന്നു.
മുൻമന്ത്രി, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്നതും പൊതു സ്വീകാര്യതയും ശിവൻകുട്ടിക്ക് അനുകൂലമായി. എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന അദ്ദേഹം വൈകി 2015 ൽ മാത്രമാണ് സംസ്ഥാന കമ്മിറ്റി അംഗമാകുന്നത്.
രണ്ടാം പിണറായി സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശിവൻകുട്ടി തിരുവനന്തപുരം മേയറായും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് അദ്ദേഹം.
തിരുത്തൽ ചർച്ച ചെയ്യാനുള്ള ജില്ലാ വിശാലസമിതി യോഗം 30നും 1നുമായി ചേരുകയാണ്. ജില്ലാ സെക്രട്ടേറിയറ്റിൽ ഉടച്ചുവാർക്കൽ പാർട്ടി ലക്ഷ്യമിടുന്നുണ്ട്.
വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, കെ.എസ്.സുനിൽകുമാർ എന്നിവർ ഒരു ഭാഗത്തും വി.ജോയി, ആനാവൂർ നാഗപ്പൻ, എ.എ.റഹീം, കോലിയക്കോട് കൃഷ്ണൻനായർ തുടങ്ങിയവർ മറുഭാഗത്തുമായി ജില്ലയിൽ ചേരിപ്പോര് ശക്തമാണ്. സെക്രട്ടേറിയറ്റിലേക്കുള്ള ശിവൻകുട്ടിയുടെ കടന്നു വരവ് ജില്ലയിലെ ഈ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നത് ശ്രദ്ധേയമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

