സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങളുമായികെഎസ്ഇബി രംഗത്ത്. ഇതിന്റെ തുടർച്ചയായി ബോർഡ് ചെയർമാൻ എംജി രാജമാണിക്യം നാളെ മുംബൈയിൽ വെച്ച് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി ചർച്ച നടത്തും.
അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തന്നെ തുടർന്നുവെങ്കിലും ലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്.
94.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഇന്നലെ ഉപയോഗിക്കപ്പെട്ടത്. 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇതുമൂലം ഉണ്ടായത്.
കൂടാതെ ഗ്രിഡ് ഫ്രീക്വൻസിയും കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ്ങിന് പുറമെയും വൈദ്യുതി തടസ്സമുണ്ടായി. വൈകീട്ട് 6.20 നും പുലര്ച്ചെ 12.35 നും ഇടയിലായിരുന്നു പ്രധാനമായും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കേന്ദ്ര വിഹിതത്തിൽ നിന്ന് 150 മെഗാവാട്ടും തുറന്ന വിപണിയിൽ നിന്ന് 25 മെഗാവാട്ടും മാത്രമാണ് ഇന്നലെ അധികമായി ലഭിച്ചത്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തത്സമയ വിപണിയിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ല.
നിലവിൽ 22.71 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജലവൈദ്യുത പദ്ധതികളിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വൈദ്യുതി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെഎസ്ഇബി ചെയർമാൻ എൻപിസിഐഎൽ ചെയർമാനെ നേരിൽ കാണുന്നത്.
അതിനിടെ, കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് 250 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ രാവും പകലും ഒരുപോലെ യൂണിറ്റിന് 13.50 രൂപയെന്ന ഉയർന്ന നിരക്കിലാണ് വൈദ്യുതി വാഗ്ദാനം ചെയ്തിട്ടുള്ളത്.
കൂടാതെ, ഇതിൽ രാത്രികാലങ്ങളിൽ 80 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാക്കുക. ഈ സാഹചര്യത്തിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറുമണിവരെയുള്ള സമയത്ത് കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടും ഉയർന്ന നിരക്കിലെ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചും കെഎസ്ഇബി ഹിമാചൽ സർക്കാരിന് ഔദ്യോഗികമായി ഇമെയിൽ അയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

