ഉയർന്ന തുകയ്ക്കുള്ള യുപിഐ (UPI) ഇടപാടുകൾക്ക് ഭാവിയിൽ വ്യാപാരികളിൽ നിന്ന് നിരക്ക് ഈടാക്കിയേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതിന്റെ ഭാഗമായി 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും മാത്രമായിരിക്കും മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഒഴിവാക്കിയിട്ടുള്ളത്.
എന്നാൽ, 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എങ്ങനെയാണ് എംഡിആർ ഈടാക്കുകയെന്നോ എത്ര തുക ഈടാക്കുമെന്നോ ഉള്ള കാര്യങ്ങളിൽ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്ക് യാതൊരുവിധ ചാർജും ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാൾ മറ്റൊരു വ്യക്തിക്ക് 5000 രൂപയോ 20,000 രൂപയോ കൈമാറിയാൽ ഫീസ് നൽകേണ്ടി വരില്ല. എന്നാൽ വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കായിരിക്കും ഫീസ് ബാധകമാകുക.
എങ്കിലും ഇത്തരത്തിലുള്ള എല്ലാ ഇടപാടുകൾക്കും ഈ ഫീസ് ബാധകമായിരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. കൈമാറുന്ന തുകയുടെ 0.4% എംഡിആർ ആയി ഈടാക്കുമെന്നാണ് പ്രാഥമിക സൂചനകൾ ലഭിക്കുന്നത്.
എങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഈ തുക ഉപഭോക്താവിൽ നിന്നല്ല, മറിച്ച് വ്യാപാരിയിൽ നിന്നായിരിക്കും ഈടാക്കുക.
ഉദാഹരണത്തിന്, 5000 രൂപയുടെ സാധനം വാങ്ങുന്ന ഒരു ഉപഭോക്താവ് ആ തുക മാത്രം നൽകിയാൽ മതിയാകും. 0.4 ശതമാനം നിരക്കിലുള്ള അധിക തുകയായ 20 രൂപ നൽകേണ്ട
ബാധ്യത വ്യാപാരിക്കാണ്. രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകളിൽ ഭൂരിഭാഗവും 2000 രൂപയ്ക്ക് താഴെയുള്ളതാണെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്.
വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന തുക 2000 രൂപയ്ക്ക് മുകളിലാണെങ്കിലും നിലവിൽ ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ഭാവിയിൽ ഫീസ് ഏർപ്പെടുത്തിയാലും അത് വ്യാപാരികളെ മാത്രമായിരിക്കും ബാധിക്കുക.
ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് യാതൊരുവിധ അധിക തുകയും ഈടാക്കില്ല. ഡിജിറ്റൽ പണമിടപാടുകൾക്കായി വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന നിരക്കാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR).
എംഡിആർ നടപ്പിലാകുന്നതോടെ ഇതിന്റെ ഒരു വിഹിതം ഇടപാടുമായി ബന്ധപ്പെട്ട ബാങ്കുകൾക്കും സേവനദാതാക്കൾക്കും ലഭിക്കും.
വ്യാപാരികൾ ഈ ബാധ്യത ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെങ്കിൽ സാധാരണക്കാരുടെ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ചെലവ് വന്നേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

