മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ ഒരാളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 31-ന് അർധരാത്രിയിലാണ് സംഭവം നടന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കട കുത്തിത്തുറന്ന് ഏകദേശം 25,000 രൂപയാണ് ഇയാൾ കവർന്നത്.
മോഷണത്തിന് ശേഷം കോഴിക്കോട്ടേക്ക് കടന്ന പ്രതി, പിന്നീട് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.
മാർത്താണ്ഡത്ത് എത്തിയ പ്രതിയെ തൃപ്പരപ്പിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടാനായത്.
ശാസ്ത്രീയ അന്വേഷണ രീതികളും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മുൻകാല കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണവുമാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടറും താൻ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
തുടർനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1ൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

