ചെക്ക് കേസിൽ മുംബൈ കോടതിയുടെ ശിക്ഷാവിധി നേരിട്ട പാലാ എംഎൽഎ മാണി സി.
കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി നോട്ടിസ് അയച്ചു. പാലക്കാട് സ്വദേശിയും മുംബൈയിലെ വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
കേസിൽ ബന്ധപ്പെട്ട കക്ഷികളായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, നിയമസഭാ സ്പീക്കർ, മാണി സി.
കാപ്പൻ എന്നിവർക്ക് നോട്ടിസ് അയക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശം നൽകി. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
ഹൈക്കോടതിയിൽ ഹർജി നൽകിയ ദിനേശ് മേനോന്റെ പരാതിയിലാണ് മുംബൈ കോടതി മാണി സി.കാപ്പനെ ശിക്ഷിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി 2010-ൽ വാങ്ങിയ രണ്ട് കോടി രൂപ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ചെക്കുകൾ മടങ്ങിയ കേസിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മുംബൈ ബോറിവലി അഡിഷനൽ മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതി നാല് കേസുകളിലായി മാണി സി.കാപ്പനെ ശിക്ഷിച്ചിരുന്നു.
നാലു കേസുകളിലുമായി മൂന്നര വർഷം തടവും പരാതിക്കാരന് 5.30 കോടി രൂപ നഷ്ടപരിഹാരവുമാണ് ഉത്തരവിലുണ്ടായിരുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. നാലു ചെക്കു കേസുകളിലും വെവ്വേറെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും ആകെ മൂന്നര വർഷമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരവും സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി, വിധി തീയതി മുതൽ സ്വയം അയോഗ്യനാക്കപ്പെടുമെന്നും അതിനാൽ സെപ്റ്റംബർ 1 മുതൽ മാണി സി. കാപ്പൻ എംഎൽഎയായി തുടരാൻ യോഗ്യനല്ലെന്നുമാണ് ഹർജിയിലെ വാദം.
പാലാ നിയോജക മണ്ഡലത്തിൽ ഒഴിവു വന്നതായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാൻ നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകണമെന്നും അടിയന്തരമായി ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഹർജിയിൽ അന്തിമതീരുമാനം ആകുന്നത് വരെ മാണി സി.
കാപ്പന് എംഎൽഎ എന്ന നിലയിലുള്ള ശമ്പളവും മറ്റ് അലവൻസുകളും നൽകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രണ്ടു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാൽ മാത്രമേ ഒരു ജനപ്രതിനിധിക്ക് സ്വയം അയോഗ്യത വരികയുള്ളൂ.
ചെക്ക് കേസിൽ മാണി സി.കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
തുടർന്ന് എംഎൽഎ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനു പിന്നാലെയാണ് വാറന്റ് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തിൽ വഞ്ചനാക്കുറ്റം ആരോപിച്ച് ദിനേശ് മേനോൻ നൽകിയ മറ്റൊരു ഹർജി നിലവിൽ എർണാകുളത്ത് വിചാരണ കോടതിയുടെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

