ആപ്പിൾ പുറത്തിറക്കിയ പുതിയ ഐഫോൺ ഡ്യുവോയുടെ ഉയർന്ന വില വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മടക്കിവയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോണിനായി ലക്ഷങ്ങൾ മുടക്കണോ എന്ന ചോദ്യമുയർത്തി നിരവധി ട്രോളുകളും മീമുകളുമാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, പുതിയ ഐഫോണിന്റെ വിലയ്ക്ക് തുല്യമായ തുകകൊണ്ട് ഉപഭോക്താക്കൾക്ക് വിപണിയിൽ മറ്റ് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും എന്ന താരതമ്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഐഫോൺ ഡ്യുവോയുടെ ബേസ് മോഡലായ 256 ജിബി പതിപ്പിന് തുടക്കവില 2,99,900 രൂപയാണ് (ഏകദേശം 3 ലക്ഷം രൂപ!).
ഫോണിന്റെ സ്റ്റോറേജ് ശേഷി വർധിക്കുന്നതിന് അനുസരിച്ച് വിലയും വൻതോതിൽ ഉയരുന്നുണ്ട്. 512GB മോഡലിന് 3,24,900 രൂപയും, 1TB മോഡലിന് 3,74,900 രൂപയും, ഏറ്റവും ഉയർന്ന 2TB ടോപ്-എൻഡ് മോഡലിന് 4,49,900 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ച് വിപണിയിൽ വാങ്ങാൻ കഴിയുന്ന മറ്റ് പ്രധാന സാധനങ്ങളും സേവനങ്ങളും താഴെ പറയുന്നവയാണ്:
ഗ്രാം കണക്കിന് സ്വർണം വാങ്ങാം
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടാതെ കേരളത്തിലെ വില 14,125 രൂപയാണ്. അതായത്, ഐഫോൺ ഡ്യുവോയുടെ ബേസ് മോഡൽ വാങ്ങാനുള്ള 2,99,900 രൂപ ചെലവിട്ടാൽ ഇന്ന് 21.23 ഗ്രാം സ്വർണം വാങ്ങാം.
എന്നുവച്ചാൽ 2.6 പവൻ സ്വർണം ലഭിക്കും. ഡ്യുവോയുടെ കൂടിയ മോഡലായ 2ടിബിയുടെ 4.49 ലക്ഷം രൂപ കണക്കാക്കിയാൽ 31.85 ഗ്രാം സ്വർണം കിട്ടും.
അതായത് ഏതാണ്ട് 4 പവൻ സ്വർണം. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും കിഴിച്ചാലും മൂന്നര പവനോളം സ്വർണം വാങ്ങിക്കാൻ സാധിക്കും.
പുതിയൊരു വാഹനം സ്വന്തമാക്കാം
മാരുതി സുസുക്കിയുടെ എസ്-പ്രസ്സോയ്ക്ക് 3.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഓൾട്ടോ കെ10ന് 3.69 ലക്ഷം രൂപയും.
ഇനി ബൈക്കാണ് താൽപ്പര്യമെങ്കിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് 1.67 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എൻഫീൽഡിന്റെ പുത്തൻ മോഡലായ ഹിമാലയൻ440ന് എക്സ്ഷോറൂം വില 2.29 ലക്ഷം രൂപയാണ്.
ഓൺറോഡ് വില 3 ലക്ഷം രൂപ കണക്കാക്കിയാലും ഐഫോണിന്റെ വിലയേക്കാളും താഴെയാണ് ഇവയുടെ നിരക്ക്. വിദേശ യാത്രയും അടുക്കളച്ചെലവും
3 മുതൽ 4.5 ലക്ഷം രൂപവരെ ചെലവഴിച്ചാൽ, ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരാൻ സാധിക്കും.
ഇതിൽ വിമാനടിക്കറ്റും ഭക്ഷണ, താമസച്ചെലവുകളും ഉൾപ്പെടും. ഇനി നിങ്ങൾ വീട്ടിലേക്ക് അടുക്കളച്ചെലവായി, അതായത് പലചരക്ക്, പച്ചക്കറി തുടങ്ങിയവ അടക്കം വാങ്ങാൻ ഒരുമാസം 25,000 രൂപ ചെലവാക്കുന്നുണ്ടെന്ന് കരുതുക.
3 ലക്ഷം മുതൽ 4.5 ലക്ഷം രൂപവരെകൊണ്ട് ഒന്നു മുതൽ ഒന്നര വർഷത്തെ മുഴുവൻ അടുക്കളച്ചെലവും നടത്തുവാൻ സാധിക്കും. കൂടാതെ ദുബായിൽ ഒരാൾ അപ്പാർട്ട്മെന്റ് വാടകയായി ഒരു വർഷം 50,000 ദിർഹം ചെലവാക്കുന്നുണ്ടെങ്കിൽ, അതായത് മാസം 4166 ദിർഹം.
ഐഫോൺ ഡ്യുവോ ബേസ് മോഡലിന്റെ വില കൊണ്ട് 2 മാസത്തെ വാടക അടയ്ക്കാം. ടോപ് മോഡലിന്റെ വില കണക്കാക്കിയാൽ 4 മാസത്തെ വാടകയും നൽകാം.
4166 ദിർഹം എന്നാൽ ഒരുലക്ഷം രൂപയ്ക്കുമേൽ വരും. കേരളത്തിൽ കൊച്ചി നഗരത്തിൽ ഈ തുകകൊണ്ട് 3-4 മാസത്തെ വീട്ടുവാടകയും നൽകാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

