കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈദ്യുതി തടസ്സപ്പെടുമ്പോൾ യാത്രക്കാർ ദുരിതത്തിൽ. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് രാത്രികാലങ്ങളിൽ യാത്രക്കാർ ബസുകൾക്കായി പരതുന്നത്.
ജില്ലയിലെ പ്രധാന സ്റ്റേഷനായ ഇവിടെ നൂറുകണക്കിന് ആളുകളാണ് രാത്രി സമയങ്ങളിൽ എത്തിച്ചേരുന്നത്. വൈദ്യുതി നിലച്ചാൽ സ്റ്റാൻഡ് പൂർണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ്.
ബസുകളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തെ മാത്രമാണ് പിന്നീട് പ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്നത്. ഏതെങ്കിലും ബസ് എൻജിൻ ഓഫ് ചെയ്യുകയോ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുകയോ ചെയ്താൽ ആ പ്രദേശം വീണ്ടും ഇരുട്ടിലേക്ക് വീഴും.
അടുത്ത വാഹനം എത്തിച്ചേരുന്നത് വരെ ഈ അവസ്ഥ തുടരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസി ഓഫിസിലെ ജീവനക്കാർ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്.
യാത്രക്കാരാകട്ടെ ലഗേജുകളുമായി ഇരുട്ടിലൂടെ ബസ് അന്വേഷിച്ചു നടക്കേണ്ട ഗതികേടിലാണ്.
ഇതിനിടയിൽ ഇരിപ്പിടങ്ങൾക്ക് അടിയിലും നടവഴികളിലും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി-മദ്യപ സംഘങ്ങളും സാമൂഹിക വിരുദ്ധരും ഭിക്ഷാടക സംഘങ്ങളും തമ്പടിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.
ഇതിനിടയിലാണ് കറന്റ് പോകുമ്പോൾ സ്റ്റാൻഡാകെ ഇരുട്ടിലാകുന്നത്. സ്റ്റാൻഡിനോട് ചേർന്നുള്ള ഓഫിസിൽ ആവശ്യത്തിന് ഇൻവേർട്ടർ സംവിധാനങ്ങൾ ഇല്ല.
ആകെയുള്ളത് ഒരു ചെറിയ ഇൻവേർട്ടർ ട്യൂബ് ലൈറ്റ് മാത്രമാണ്. മറ്റൊരു ഇൻവേർട്ടർ സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
എന്നാൽ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി മാത്രമാണ് ഈ ഇൻവേർട്ടറിനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

