ജറുസലം ∙ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് വിജയം. എന്നാൽ സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവലഭൂരിപക്ഷം നേടാൻ സാധിക്കാത്തത് ഇസ്രയേലിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്.
ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് ആകെ 53 സീറ്റുകളാണ് ലഭിച്ചത്. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്ർ ലപീദും നയിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ടുഗെതറിന് 9.07% വോട്ടുൾപ്പെടെ 12 സീറ്റുകൾ ഉറപ്പായിട്ടുണ്ട്.
നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ട് നയിക്കുന്ന യാഷർ പാർട്ടി സഖ്യത്തിന് ആകെ 48 സീറ്റുകളാണ് ലഭിച്ചത്. മുമ്പ് 64 സീറ്റുകൾ ഉണ്ടായിരുന്ന ലിക്കുഡ് സഖ്യത്തിന്റെ സീറ്റ് നിലയാണ് ഇപ്പോൾ 53 ആയി കുറഞ്ഞത്.
സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിമാനമായ 61 സീറ്റിലേക്ക് എത്താൻ നെതന്യാഹുവിന്റെ സഖ്യത്തിന് ഇനി 8 സീറ്റുകൾ കൂടി ആവശ്യമാണ്. അതേസമയം, പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കാൻ 13 സീറ്റുകൾ വേണം.
ഇത്തവണ 19 സീറ്റുകൾ കരസ്ഥമാക്കിയ അറബ് സഖ്യമായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുകയെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണ തേടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
മറ്റ് പ്രധാന പാർട്ടികളുടെ നില പരിശോധിച്ചാൽ, അവിഗ്ദോർ ലീബർമാന്റെ ഇസ്രയേൽ ഔർ ഹോം പാർട്ടിക്ക് 5.93% വോട്ടോടെ 7 സീറ്റുകൾ ലഭിച്ചു. നെതന്യാഹുവിനൊപ്പമുള്ള ഇത്മർ ബെൻഗ്വിറിന്റെ പാർട്ടിക്ക് 5.58% വോട്ടോടെ 7 സീറ്റും, സഖ്യത്തിലെ തന്നെ ബെസലേൽ സ്മോട്രിച്ചിന്റെ പാർട്ടിക്ക് 4.78% വോട്ടോടെ 6 സീറ്റും ലഭിച്ചു.
ലിക്കുഡ് പാർട്ടി ഒറ്റയ്ക്ക് 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി ബെന്യാമിൻ നെതന്യാഹു വീണ്ടും രംഗത്തെത്തി.
വിദേശത്തെ തൽപരകക്ഷികൾ വോട്ടർമാർക്ക് പണം നൽകി സ്വാധീനിച്ചതായും അദ്ദേഹം പരാതിപ്പെട്ടു. ഈ വിഷയങ്ങൾ സമഗ്രമായി അന്വേഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവ് നൽകിയിട്ടുണ്ട്.
പൂർണ്ണമായ വോട്ടെണ്ണൽ ഇന്ന് അവസാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്ന നവംബർ 4ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

