ടെൽ അവീവ്: അറബ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ, ഖത്തറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇസ്രയേൽ നേതാക്കളുടെ ആരോപണങ്ങളെ തള്ളി ഖത്തറും ശക്തമായ മറുപടിയുമായി രംഗത്തെത്തി. ഇസ്രയേൽ രാഷ്ട്രീയ നേതൃത്വം നടത്തുന്ന പ്രചാരണങ്ങൾ വിഡ്ഢിത്തവും അതീവ അപകടകരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ ഇത്തരം വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ആർക്കും വ്യക്തമായ മേധാവിത്വമില്ലാത്ത തെരഞ്ഞെടുപ്പ് ഫലവും അറബ് പാർട്ടികളുടെ അപ്രതീക്ഷിത മുന്നേറ്റവുമാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന വാദവുമായി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപ് ഖത്തർ സന്ദർശിച്ചു എന്ന വിഷയം ഉയർത്തിയാണ് പ്രധാനമായും വിവാദങ്ങൾ പ്രചരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം അറബ് പാർട്ടികൾ തട്ടിയെടുത്തെന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു ഉൾപ്പെടെയുള്ളവരും കടുത്ത പ്രചാരണമാണ് നടത്തിയത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഖത്തർ, ഇസ്രയേൽ തെരഞ്ഞെടുപ്പിൽ യാതൊരുവിധ ഇടപെടലുകളും നടത്തുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ഖത്തറിനെതിരെ സംഘടിതമായി വ്യാജ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങൾ വിഡ്ഢിത്തവും അപകടം നിറഞ്ഞതുമാണെന്ന് ഡോ.
മാജിദ് അൻസാരി തിരിച്ചടിച്ചു. എന്ത് വ്യാജ പ്രചാരണങ്ങൾ ഉണ്ടായാലും മേഖലയിലെ സമാധാന ദൗത്യങ്ങളിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും ഖത്തർ വ്യക്തമാക്കുന്നു.
ലോകം ഉറ്റുനോക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് സഖ്യം 53 സീറ്റുകളോടെ മുന്നിൽ നിൽക്കുമ്പോൾ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്.
ആകെ 120 അംഗങ്ങളുള്ള നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് ആവശ്യം. ആർക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത ഈ സാഹചര്യത്തിൽ, നിർണായക മുന്നേറ്റം നടത്തിയ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ നിലപാടായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

