സംസ്ഥാനം ഒട്ടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നേറുന്നതിനിടയിൽ, പിടിച്ചെടുത്ത വൻ ലഹരിശേഖരം സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത് വലിയ ചർച്ചയാകുന്നു. ബത്തേരി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരുന്ന പ്രോപ്പർട്ടി മുറിയിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാതായത്.
13800 പാക്കറ്റ് ഹാൻസിന്റെയും കൂൾലിപ്പിന്റെയും നിരോധിത ഉൽപന്നങ്ങളാണ് മോഷണം പോയിട്ടുള്ളത്. കോടതിയുടെ സൂക്ഷിപ്പിലിരിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലുകളാണ് യാതൊരുവിധ സുരക്ഷാ തടസ്സങ്ങളുമില്ലാതെ കടത്തിക്കൊണ്ടുപോയിരിക്കുന്നത്.
സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്ററുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തുറന്നാണ് ഈ കവർച്ച നടത്തിയിരിക്കുന്നത്. മോഷണത്തിന് ശേഷം താക്കോൽ യാതൊരു പന്തികേടുകളുമില്ലാതെ പഴയതുപോലെ അതേ മേശവലിപ്പിൽ തന്നെ തിരികെ വെച്ചത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ചുറ്റും കനത്ത സുരക്ഷയും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും ഉള്ള പൊലീസ് സ്റ്റേഷനുള്ളിൽ നിന്ന് 7 ചാക്ക് ലഹരി വസ്തുക്കൾ എങ്ങനെ പുറത്തുകടന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പുറത്തുനിന്ന് ഒരാൾ മാത്രം വന്ന് ഇത്രയധികം ചാക്കുകൾ പെറുക്കിക്കൊണ്ടുപോയി വണ്ടിയിൽ കയറ്റുക എന്നത് അസാധ്യമായ കാര്യമാണ്.
സ്റ്റേഷൻ കെട്ടിടത്തിന്റെ പിറക് വശത്തായാണ് പ്രോപ്പർട്ടി മുറി സ്ഥിതി ചെയ്യുന്നത്. ഈ മുറിയിൽ നിന്ന് ചാക്കുകൾ ഓരോന്നായി പുറത്തെടുത്ത് വാഹനത്തിൽ കയറ്റുകയോ അല്ലെങ്കിൽ സ്റ്റേഷൻ വളപ്പിന്റെ മതിലിന് പുറത്തേക്ക് എറിഞ്ഞ് പിന്നീട് എടുത്തുകൊണ്ടുപോകുകയോ ചെയ്തിരിക്കാനാണ് സാധ്യത.
ബത്തേരി ടൗണിലെ റോഡരികിലുള്ള ഗേറ്റിലൂടെ മാത്രമാണ് സ്റ്റേഷനിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുക. പുറത്തുനിന്നുള്ളവരുടെയും പരാതിക്കാരുടെയും വാഹനങ്ങൾ സാധാരണയായി ഈ ഗേറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ല.
അതിനാൽ ഔദ്യോഗിക വാഹനങ്ങളും സ്റ്റേഷനിൽ ജോലിക്കെത്തുന്ന പൊലീസുകാരുടെ വാഹനങ്ങളും മാത്രമാണ് ഇവിടെ ആശ്രയമായുള്ളത്. തൊണ്ടിമുതലായി പിടിച്ചെടുക്കുന്ന വാഹനങ്ങളും സ്റ്റേഷൻ വളപ്പിൽ കൂട്ടിയിടാറുണ്ട്.
പൊലീസ് വാഹനങ്ങളിൽ ഇത്തരം കടത്തലുകൾ നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഈ സാഹചര്യത്തിൽ സംശയമുന നീളുന്നത് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന മറ്റ് സ്വകാര്യ വാഹനങ്ങളിലേക്കാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

