ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിലാണ് ഷീ ജിൻപിങ് പങ്കെടുക്കാതിരുന്നത്.
ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട് ചെയ്തു.
അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.
എന്നാൽ, ശനിയാഴ്ച ബ്രിക്സ് ഉച്ചകോടി വേദിയിലെത്തിയ ഷീ ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്ത്, മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയും പൂർത്തിയാക്കിയശേഷം വേദിയിൽനിന്ന് മടങ്ങുകയായിരുന്നു. ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്കാണ് ഷീ ജിൻപിങ് പോയത്.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു. ബ്രിക്സ് നേതാക്കൾക്ക് പുറമേ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മോദി സംഘടിപ്പിച്ച അത്താഴവിരുന്നിൽ സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരും ലോക്സഭാ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരുമെല്ലാമാണ് വിരുന്നിൽ പങ്കെടുത്തത്. ഇന്ത്യൻ പച്ചക്കറി വിഭവങ്ങളാണ് വിരുന്നിൽ അതിഥികൾക്കായി വിളമ്പിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

