ലഖ്നൗ: നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ആശയങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) ആണ് പ്രതിയെ പിടികൂടിയത്.
അസംഗഢ് ജില്ലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാക്കാൻ ശ്രമിച്ചതായും, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി രാജ്യവിരുദ്ധ സന്ദേശങ്ങൾ കൈമാറിയതായും എടിഎസ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ‘ഫ്ളൈയിം ഓഫ് വാർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രതി സജീവ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ ഗ്രൂപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം.
സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിന്റെ പരിശീലന വീഡിയോകളും അൽഖ്വയ്ദ ഉന്നത നേതാക്കളുടെ പ്രഭാഷണങ്ങളും ശബ്ദസന്ദേശങ്ങളും ഈ ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളെക്കുറിച്ചും ഭീകര ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും ഉള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എടിഎസ് വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

