ഉള്ളിൽ അടക്കിപ്പിടിച്ച ഡോക്ടറാകണമെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസറായ എം.സി. രമ്യ.
നീറ്റ് പ്രവേശന പരീക്ഷയിൽ സർവീസ് കാറ്റഗറിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് രമ്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയിരിക്കുന്നത്. വയനാട് കോട്ടത്തറ ചീരകത്ത് വീട്ടിൽ ശ്രീനിവാസന്റെയും ഗീതയുടെയും മകളാണ് ഇവർ.
പിണങ്ങോട് ഡബ്ല്യുഎച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരിക്കെ എൻട്രൻസ് പരിശീലനത്തിന് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് തുടരാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബിഎസ്സി നഴ്സിങ് കോഴ്സിന് ചേരുകയായിരുന്നു.
കോഴ്സ് പൂർത്തിയായ ഉടൻ ഡൽഹി എയിംസിൽ ജോലി ലഭിച്ചു. 2020-ൽ പിഎസ്സി വഴി നഴ്സിങ് ഓഫിസറായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം ലഭിച്ചതോടെയാണ് രമ്യ കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ ഘട്ടത്തിലാണ് രമ്യ കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി ചുമതലയേൽക്കുന്നത്. കോവിഡ് ഡ്യൂട്ടിക്ക് ശേഷം ക്വാറന്റീനിൽ കഴിയുന്നതിനിടയിലെ സഹപ്രവർത്തകരുമായുള്ള സംഭാഷണത്തിലൂടെയാണ് നഴ്സുമാർക്ക് എംബിബിഎസ് പ്രവേശനത്തിന് സർവീസ് ക്വാട്ടയുണ്ടെന്ന വിവരം രമ്യ അറിയുന്നത്.
എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലായിരുന്നു ഇയ്യാട് കാവിൽ പ്രജീഷുമായുള്ള വിവാഹം. പിന്നീട് മകൻ ശിവദത്തും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു.
മകന് മൂന്ന് വയസ്സ് പൂർത്തിയായതോടെ കഴിഞ്ഞ വർഷം മുതൽ രമ്യ നീറ്റ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനം ആരംഭിക്കുകയായിരുന്നു. ഈ കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷവും തന്റെ കാൽപ്പനിക മോഹം സാക്ഷാത്കരിക്കാൻ സഹായിച്ചതെന്ന് രമ്യ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

