പിറവം ∙ പെരുവംമൂഴി റോഡ് നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് രാമമംഗലം ടൗണിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്കൂൾ, ഓഫിസ് സമയങ്ങളിൽ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിക്കുന്നത്.
അടുത്തിടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അത്യാഹിത വിഭാഗവുമായി പോയ ആംബുലൻസ് പോലും ഈ കുരുക്കിൽപ്പെട്ടു. ബസുകൾ ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾക്ക് സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര നീളുന്നത്. ദിവസങ്ങളായി സമാനമായ സാഹചര്യം തുടരുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ല.
രാമമംഗലം പൊലീസ് സ്റ്റേഷൻ പരിസരം മുതൽ ഗവ.ആശുപത്രി ജംക്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിലവിൽ റോഡ് നിർമാണം പുരോഗമിക്കുന്നത്. കൃഷി ഭവൻ ജംക്ഷന് സമീപമുള്ള കലുങ്ക് നിർമാണവും മറ്റ് ഭാഗങ്ങളിലെ ടാറിങ് പൂർവ ജോലികളുമാണ് നടന്നു വരുന്നത്.
കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ ഈ പാതയിൽ പലയിടത്തും ഒറ്റവരി ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാണ് വാഹനങ്ങളുടെ വലിയ നിരയ്ക്കും കുരുക്കിനും പ്രധാന കാരണം.
രാമമംഗലം ഹൈസ്കൂളിന് സമീപം നടക്കുന്ന നിർമാണ പ്രവൃത്തികൾ മൂലം സ്കൂൾ ബസുകൾക്ക് സുഗമമായി സർവീസ് നടത്താൻ കഴിയുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പാമ്പാക്കുടയിൽ നിന്നും കൊച്ചി – മധുര ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളും രാമമംഗലം വഴിയാണ് കടന്നുപോകുന്നത്.
ഇതിനുപുറമെ കിഴക്കൻ മേഖലകളിൽ നിന്നും നിർമാണ സാമഗ്രികളുമായി എത്തുന്ന ഭാരവാഹക ലോറികൾ കൂടിയാകുമ്പോൾ ടൗണിൽ തിരക്ക് ഇരട്ടിക്കുന്നു. ഇതിനിടയിലേക്ക് പെരുവംമൂഴി റോഡ് നിർമാണവുമായി ബന്ധപ്പെട്ട
വലിയ വാഹനങ്ങൾ കൂടിയെത്തുന്നതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. റോഡ് നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഭാരവാഹികളുടെ ഗതാഗതം വഴിതിരിച്ചുവിടണമെന്നും ടൗൺ പ്രദേശത്തെ നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

