ഡല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനിടെ നഗരത്തിലെ ചേരി പ്രദേശങ്ങള്‍ തുണികെട്ടി മറച്ചുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ ചേരികളാണ് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി ആരും കാണാത്ത വിധത്തില്‍ മറച്ചുവെച്ചത്.
രാജ്യത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇത്തരത്തില്‍ ഭരണകൂടം മറച്ചുപിടിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. സംഭവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കാര്‍ട്ടൂണ്‍ ഡല്‍ഹിയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
“ചേരികളെ തുണികള്‍ ഉപയോഗിച്ച് മറച്ചതുകൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മാറില്ല. 2.6% എന്ന ജിഡിപി വളര്‍ച്ചയെ 7.8% എന്ന് പറഞ്ഞിട്ടും യാഥാര്‍ഥ്യം മാറാത്തതുപോലെ” എന്ന അടിക്കുറിപ്പോടെയായിരുന്നു എഎപി കാര്‍ട്ടൂണ്‍ പുറത്തിറക്കിയത്.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ലോക നേതാക്കളുടെ ദൃഷ്ടിയില് നിന്നും ഡല്‍ഹിയിലെ ചേരി പ്രദേശങ്ങള്‍ ബോധപൂര്‍വ്വം മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു എന്നാണ് ഇതിലൂടെ പ്രധാനമായും ആരോപിക്കുന്നത്. വസന്ത് കുഞ്ച് കൂടാതെ ഡല്‍ഹിയിലെ മറ്റു പല ചേരിപ്രദേശങ്ങളിലും സമാനമായ രീതിയില്‍ പച്ചത്തുണികളും മറകളും ഉപയോഗിച്ച് റോഡരികിലെ ദൃശ്യങ്ങള്‍ മറച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ലോകനേതാക്കള്‍ക്ക് മുന്നില്‍ ദേശീയ തലസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം മറച്ചുപിടിച്ച് മിനുക്കുപണികള്‍ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദിവസക്കൂലിക്കാരും സാധാരണക്കാരുമായ തങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ മറകള്‍ക്ക് പിന്നില്‍ അദൃശ്യമാക്കപ്പെടുന്നതെന്ന് പ്രദേശവാസികള്‍ ദുഃഖത്തോടെ പ്രതികരിക്കുന്നു.
കഴിഞ്ഞ 2023-ലെ ജി20 ഉച്ചകോടിക്ക് തൊട്ടുമുമ്പും സമാനമായ രീതിയില്‍ ഡല്‍ഹിയിലെ പല ചേരികളും തുണികെട്ടി മറച്ചിരുന്നു. അന്നത്തെ ദുരിതാനുഭവങ്ങള്‍ ഓര്‍ക്കുന്ന ഇവിടുത്തെ താമസക്കാര്‍ ഭരണകൂട
നടപടിക്കെതിരെ കടുത്ത രോഷത്തിലാണ്. അതിഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയുടെ നഗരഹൃദയങ്ങളിലെ പാതകളെല്ലാം വിദേശ രാജ്യങ്ങളുടെ ദേശീയപതാകകള്‍ കൊണ്ടും സ്വാഗത ബോര്ഡുകളകൊണ്ടും അലങ്കരിച്ചിരുന്നു.
ഇതിനിടയിലാണ് പാവപ്പെട്ട മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍ അധികൃതര്‍ കാഴ്ചകളില്‍ നിന്ന് ഒളിപ്പിച്ചത്.
മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലും ചേരികള്‍ മറച്ചുവെച്ചതായി സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചേരികളും അവിടങ്ങളിലെ പരിമിതമായ ജീവിത സാഹചര്യങ്ങളും ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യമാണെന്നും, അവ ഒളിച്ചുവെക്കുന്നതിന് പകരം പരിഹരിക്കുകയാണ് വേണ്ടതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

