ഇറാൻ-യുഎസ് സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ രാജ്യാന്തര വിപണികളിൽ നിർണായകമായി രണ്ട് യോഗങ്ങൾ. ഹോർമുസിലെ കപ്പൽ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഗൾഫ് രാജ്യങ്ങളുമായി തിങ്കളാഴ്ച ഇറാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇതിനു ശേഷം നടക്കുന്ന പ്രഖ്യാപനങ്ങൾ ക്രൂഡോയിൽ വില അടക്കമുള്ള കാര്യങ്ങളെ സ്വാധീനിക്കും. സെപ്റ്റംബർ 16ന് നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ യോഗമാണ് മറ്റൊന്ന്.
പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
അങ്ങനെ വന്നാൽ സ്വർണവിലയും ഇന്ത്യൻ ഓഹരി വിപണികളും നഷ്ടം നേരിട്ടേക്കാം. അമേരിക്കൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കൂട്ടി യുഎസ് പണപ്പെരുപ്പ കണക്ക്.
ഓഗസ്റ്റിൽ അമേരിക്കക്കാർ സാധനങ്ങൾ വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടി വന്നതായി കണക്ക്. ഇറാൻ യുദ്ധം എണ്ണവില കൂട്ടിയതാണ് തിരിച്ചടിയായത്.
ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) തൊട്ടുമുൻ മാസത്തേക്കാൾ 0.4% വർധിച്ച് 3.4 ശതമാനത്തിലെത്തി. ഇത് പ്രതീക്ഷിച്ചിരുന്നതാണ്.
എന്നാൽ കോർ സിപിഐ മുൻമാസത്തേക്കാൾ 0.3% വർധിച്ചത് വിപണി പ്രതീക്ഷിച്ചിരുന്നില്ല. പണപ്പെരുപ്പ കണക്കുകൾക്കു പിന്നാലെ അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നേട്ടം (യീൽഡ്) കാര്യമായി മാറിയിട്ടില്ല.
എന്നാൽ രണ്ടു വർഷ കാലാവധിയുള്ള ബോണ്ടുകളുടെ യീൽഡ് 4.6% വർധിച്ച് 2024 ജൂലൈയ്ക്ക് ശേഷമുള്ള ഉയർന്ന നിരക്കിലെത്തി. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന ഫെഡ് പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കൂടി.
0.25 ശതമാനമെങ്കിലും നിരക്ക് വർധിപ്പിക്കാൻ 86% സാധ്യതയുണ്ടെന്നാണ് വിപണിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 60 ശതമാനമായിരുന്നു.
ഇക്കൊല്ലം ഒന്നിലധികം തവണ പലിശ നിരക്ക് വർധിച്ചേക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യൻ ഓഹരി വിപണിയെയും സ്വർണവില അടക്കമുള്ളവയെയും സാരമായി ബാധിക്കുന്ന നീക്കമാണിത്.
കൂടുതൽ പലിശ ലഭിക്കുന്ന അമേരിക്കൻ കടപത്രങ്ങളിലേക്ക് നിക്ഷേപകർ തിരിയുന്നതാണ് ഇന്ത്യ പോലുള്ള എമേർജിങ് വിപണികള്ക്ക് തിരിച്ചടിയാകുന്നത്. ഇതോടെ ഇന്ത്യയിലും റിപ്പോ നിരക്ക് അടക്കമുള്ളവ ഉയരുമെന്ന ആശങ്ക ശക്തമായി.
ഭൗമ,രാഷ്ട്രീയ പ്രതിസന്ധികൾ, ഉയർന്ന ക്രൂഡോയിൽ വില, വിലക്കയറ്റ ഭീഷണി എന്നിവയെ പ്രതിരോധിക്കാൻ റിസർവ് ബാങ്ക് അടുത്ത മാസവും ഡിസംബറിലും അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് വീതം വർധിപ്പിക്കണമെന്ന് എസ്ബിഐ ഗവേഷണ റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ നിരക്ക് നിർണയ സമിതിയായ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബർ 5 മുതൽ 7 വരെ നടക്കും.
കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നില നിർത്തിയിരുന്നു; തുടർച്ചയായി നാലാമ തവണ യായിരുന്നു നിരക്ക് മാറ്റമില്ലാതെ തുടർന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചല്ല തങ്ങളുടെ ഈ നിർദേശമെന്നും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം അടുത്ത 15 ദിവസത്തിനു ള്ളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 123 ഡോളർ വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ട് കണക്കുകൂട്ടുന്നു.
ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് ക്രൂഡോയിൽ പൈപ്പ് ലൈൻ അടച്ചതായി സൗദി സർക്കാർ. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നീക്കം.
ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് ചെങ്കടൽ വഴി ക്രൂഡോയിൽ കയറ്റുമതി ചെയ്യാൻ സൗദി ആശ്രയിച്ചിരുന്ന പ്രധാന പൈപ്പ് ലൈൻ ആണിത്. പ്രതിദിനം 7 ദശലക്ഷം ബാരൽ ക്രൂഡോയിൽ എത്തിക്കാൻ ശേഷിയുണ്ട്.
ഇതിൽ ആക്രമണുണ്ടായെന്ന അഭ്യൂഹങ്ങൾ പരന്നതും കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡോയിൽ വില പിടിവിട്ടു കുതിക്കാൻ കാരണമായി. മാസങ്ങൾക്ക് ശേഷം ബാരലിന് 100 ഡോളറിനു മുകളിലേക്ക് കുതിച്ച ക്രൂഡോയിൽ വിലയിൽ നേരിയ ആശ്വാസം.
ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 2.81% ഇടിഞ്ഞ് 104.6 ഡോളിലെത്തി. ഒരാഴ്ചയ്ക്കിടെ 9 ശതമാനമാണ് ബ്രെന്റ് വില കൂടിയത്.
ഡബ്ലുടിഐ 100 ഡോളറിലും യുഎഇയുടെ മർബൻ 119 ഡോളറിലുമാണ്. ഹോർമുസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായി ഒമാനിൽ തിങ്കളാഴ്ച ചർച്ച നടത്താൻ ഇറാൻ പദ്ധതിയിടുന്നതായ വാർത്തകളാണ് ക്രൂഡോയിൽ വിലയിൽ ആശ്വാസമായത്.
മേഖലയിലെ സുരക്ഷ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ കുറച്ച് ആഴ്ചകളായി ഒമാനും ഇറാനും തമ്മിൽ ചർച്ച നടക്കുകയാണ്.
എന്നാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധർ പറയുന്നു. ചെങ്കടലിൽ ഹൂതികൾ സ്വാധീനം ശക്തമാക്കുന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം.
ചെങ്കടലിലേക്ക് പ്രവേശിക്കുന്ന ബാബൽ മൻദബിനു സമീപത്തെ പ്രദേശങ്ങളെല്ലാം ഹൂതികൾ പിടിച്ചടക്കിയിട്ടുണ്ട്. ഇത് സൗദി അറേബ്യയിൽ നിന്നുള്ള എണ്ണവരവിനെ ബാധിക്കുമോയെന്നാണ് വിപണി ആശങ്കപ്പെടുന്നത്.
രാജ്യാന്തര വ്യാപാരത്തിൽ അതിനിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തുടരുമെന്ന് രാജ്യത്തെ വിദേശകാര്യ വക്താവ് പറഞ്ഞു. ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം അമേരിക്കൻ ആക്രമണമാണ്.
എണ്ണവില ഉയരുന്നതിൽ രാജ്യാന്തര സമൂഹത്തിന് ആശങ്കയെങ്കിൽ അക്കാര്യം യുഎസിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നെന്നാണ് വിശദീകരണം. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതിനിടെയാണ് കൂടിക്കാഴ്ചയെന്നും ശ്രദ്ധേയം.
ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അടുത്തിടെ യുഎസ് പ്രഖ്യാപിച്ചിരുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക സഹകരണം വേണമെന്ന് കഴിഞ്ഞ ദിവസം മസൂദ് പെസഷ്കിയാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ കുത്തനെ ഇടിഞ്ഞ സൂചികകൾ അവസാന മണിക്കൂറുകളിൽ മെച്ചപ്പെട്ടെങ്കിലും നഷ്ടം നികത്താനായില്ല.
ഇതോടെ തുടർച്ചയായ അഞ്ചാം ദിവസവും സൂചികകൾ നഷ്ടത്തിലായി. അഞ്ച് ദിവസത്തിനിടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 488 ലക്ഷം കോടി രൂപയിൽ നിന്ന് 481 ലക്ഷം കോടി രൂപയായി കുറഞ്ഞു.
നിക്ഷേപകരുടെ സാമ്പാദ്യത്തിലുണ്ടായത് 6.6 ലക്ഷം കോടി രൂപയുടെ കുറവ്. ഇന്നലെ വ്യാപാരാന്ത്യം 120 പോയിന്റ് നഷ്ടത്തിൽ സെൻസെക്സ് 74,781.76 പോയിന്റിലെത്തി.
നിഫ്റ്റിയാകട്ടെ 79.70 പോയിന്റ് നഷ്ടത്തിൽ 23,398.10ലും. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ഐടി തുടങ്ങിയ ചുരുക്കം ചില സെക്ടറുകൾ മാത്രമാണ് നേട്ടത്തിൽ അവസാനിച്ചത്.
റിയൽറ്റി, മെറ്റൽ എന്നിവ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. അതേസമയം, നാലു ദിവസത്തെ നഷ്ടക്കഥ മറന്ന അമേരിക്കൻ ഓഹരി വിപണി സൂചികകൾ ഇന്നലെ ലാഭത്തിലേക്ക് മാറി.
തുടർച്ചയായ ദിവസങ്ങളിൽ വർധിച്ചിരുന്ന ക്രൂഡോയിൽ വില അൽപം താഴ്ന്നതാണ് സൂചികകൾക്ക് കരുത്തായത്. ഡോ സൂചിക 0.98 ശതമാനം വർധിച്ചു.
എസ് ആൻഡ് പി 0.86 ശതമാനവും നാസ്ഡാക് 0.96 ശതമാനവും ഉയർന്നു. പോയ വാരം 3 സൂചികകളും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

