തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ഒരു പലചരക്ക് കട നടത്തിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി സംരംഭകലോകത്തേക്ക് ചുവടുവെക്കുന്നത്.
എന്നാൽ നാട്ടുകാർക്ക് കടം കൊടുത്തുണ്ടായ നഷ്ടം മൂലം ആ സംരംഭം പൂട്ടിപ്പോകേണ്ടി വന്നു. ഒന്നല്ല, മൂന്നു തവണയാണ് സമാനമായ രീതിയിൽ കട
പൂട്ടിടേണ്ടി വന്നത്. അമ്മ നൽകിയ പണം ഉപയോഗിച്ച് വീണ്ടും കട
തുറന്നെങ്കിലും, കടം കൊടുക്കുന്ന രീതി മാറ്റാൻ സാധിക്കാത്തതിനെത്തുടർന്ന് രണ്ടുതവണ കൂടി കട പൂട്ടേണ്ടി വരികയായിരുന്നു.
സ്വന്തം കാര്യം നോക്കാതെ സാധാരണക്കാരുടെ സങ്കടങ്ങളിൽ ഒപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ആ പ്രകൃതം ഇന്നും മാറിയിട്ടില്ലെന്ന് മകൻ തുഷാർ വെള്ളാപ്പള്ളി ഓർക്കുന്നു. എസ്എൻഡിപി യോഗത്തിന് പുതിയ ഊർജവും കൃത്യമായ രാഷ്ട്രീയ ദിശാബോധവും നൽകിയ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നവതിയിലേക്ക് പ്രവേശിക്കുകയാണ്.
എഴുപത്തിയൊമ്പതാം പിറന്നാളിന്റെ പൂമുഖത്തിരുന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സ് നിറയെ സന്തോഷമാണെന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. ‘മൈക്രോ ഫിനാൻസ് എന്ന ആശയത്തിലൂടെ സമുദായത്തിലെ ദരിദ്രരായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സംതൃപ്തി.
സംസ്ഥാനത്തുടനീളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും അടിസ്ഥാന സൗകര്യമില്ലാതെ തകർന്നുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികരീതിയിൽ നവീകരിച്ചതുമെല്ലാം സന്തോഷം നൽകുന്നു. അപ്പോഴും സമുദായത്തിനു രാഷ്ട്രീയാധികാരമെന്ന ലക്ഷ്യം ബാക്കിയാണ്.
സമുദായത്തിൽ നിന്ന് കൂടുതൽ സിവിൽ സർവീസുകാർ എന്ന ലക്ഷ്യവും’’ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. നവതിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കണിച്ചുകുളങ്ങരയിലെ വീട്ടിൽ പ്രത്യേക ആഘോഷങ്ങൾ ഒന്നും തന്നെയില്ല.
‘എറണാകുളം സ്വദേശിയായ മാത്യു എന്ന സുഹൃത്ത് എല്ലാ വർഷവും പിറന്നാളിനു കേക്കുമായെത്തും. ആ കേക്കാണ് പിറന്നാൾ ദിനത്തിൽ മുറിക്കുക.
പിറന്നാളിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള പൂജകളുമുണ്ടാകും’ എന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറി, എസ്എൻ ട്രസ്റ്റ്, ശ്രീനാരായണ മെഡിക്കൽ മിഷൻ എന്നിവയുടെ തലപ്പത്ത് ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ചുവെന്ന റെക്കോർഡോടെയാണ് അദ്ദേഹം നവതി വർഷത്തിലേക്ക് കടക്കുന്നത്.
1964ൽ ഇരുപത്തിയേഴാം വയസ്സിൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായ അദ്ദേഹം, എസ്എൻഡിപി യോഗത്തിൽ ആദ്യം ഔദ്യോഗികമായി വഹിക്കുന്ന ചുമതല ജനറൽ സെക്രട്ടറിയുടേതാണ്. 1996 ജനുവരി 27ന് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ അദ്ദേഹം, അതേ വർഷം നവംബർ 17ന് യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു.
കൊങ്കൺ റെയിൽവേ നിർമാണം ഉൾപ്പെടെയുള്ള വൻകിട കരാറുകളുടെ പേരിൽ ശ്രദ്ധേയനായി നിൽക്കുന്ന വേളയിലാണ് അദ്ദേഹം എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്.
പത്രിക മുറിക്കലും ഗുരുജയന്തി ആഘോഷവും സമാധി ദിനാചരണവും മാത്രമല്ല സമുദായപ്രവർത്തനമെന്നു തെളിയിച്ചുകൊണ്ട് എസ്എൻഡിപി യോഗത്തെ ശക്തമായ വിലപേശൽ ശേഷിയുള്ള സാമൂഹിക പ്രസ്ഥാനമാക്കി മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ച അദ്ദേഹം ഒട്ടനവധി പുതിയ സംരംഭങ്ങൾക്കും തുടക്കമിട്ടു.
ഇതിനിടയിൽ വിവിധ വിവാദങ്ങളും കേസുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ സമുദായമൈത്രി തകർക്കുന്നുവെന്ന ആക്ഷേപങ്ങളും ഉയർന്നു വന്നു.
എന്നാൽ, ഒരു മതത്തോടും തനിക്ക് വിരോധമില്ലെന്നും ഈ പദവിയിലിരിക്കുമ്പോൾ സ്വന്തം സമുദായത്തിന്റെ നീതിക്കു വേണ്ടി സംസാരിച്ചേ മതിയാകൂവെന്നുമാണ് വെള്ളാപ്പള്ളി നടേശൻ ഇതിനോട് പ്രതികരിക്കുന്നത്. യോഗവും ട്രസ്റ്റും മെഡിക്കൽ മിഷനും മാത്രമല്ല, യൂത്ത് മൂവ്മെന്റ്, വനിതാ സമാജം, ശ്രീനാരായണ ധർമസേന, ബാലജനയോഗം, കുമാരി–കുമാര സംഘം, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ വൈദികസംഘം, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ, സൈബർ സേന തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരെയും ഒരേകുടക്കീഴിൽ അണിനിരത്തി സമുദായത്തെ ഒരു വടവൃക്ഷം പോലെ വളർത്തിയത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കീഴിലാണ്.
കെഎസ്യുവിന്റെ രൂപീകരണകാലത്ത് വയലാർ രവിക്കും എ.കെ.ആന്റണിക്കും ഒപ്പം പ്രവർത്തിച്ചിട്ടുള്ള വെള്ളാപ്പള്ളി നടേശൻ, വർഷങ്ങൾക്ക് ശേഷം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്രസ്ഥാനാർഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടിയിട്ടുണ്ട്. എന്നാൽ നിലവിൽ സമുദായത്തിന്റെ നീതി മാത്രമാണ് തന്റെ ഏക രാഷ്ട്രീയമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

