വടകരയിൽ ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. ലിങ്ക് റോഡിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു അപ്രതീക്ഷിത സമരം.
ഈ മാറ്റം കാരണം ഇരിങ്ങൽ, കോട്ടക്കൽ, പയ്യോളി, പേരാമ്പ്ര റൂട്ടുകളിലെ യാത്രക്കാരാണ് കൃത്യസമയത്ത് ബസ് ലഭിക്കാതെ വഴിയിൽ കുടുങ്ങിയത്. സമരം മുൻകൂട്ടി അറിയാതെ നഗരത്തിലെത്തിയ നൂറുകണക്കിന് ആളുകളാണ് ഇതുമൂലം വലഞ്ഞത്.
ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് താൽക്കാലിക ക്രമീകരണമെന്ന നിലയിൽ ബസുകൾ പഴയ സ്റ്റാൻഡിൽനിന്ന് ലിങ്ക് റോഡിലേക്ക് മാറ്റിയത്. എന്നാൽ ഓണം പിന്നിട്ടതോടെ ബസുകൾ വീണ്ടും പഴയ സ്റ്റാൻഡിലേക്ക് തന്നെ മാറ്റണമെന്ന് പൊലീസ് നിർദ്ദേശം നൽകുകയായിരുന്നു.
പതിവുപോലെ സർവീസിനായി രാവിലെ ലിങ്ക് റോഡിൽ ബസുകൾ എത്തിച്ചപ്പോഴാണ് പൊലീസ് ഈ ഉത്തരവ് നടപ്പിലാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പെട്ടെന്ന് പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരം അറിയാതെ പഴയ സ്റ്റാൻഡിലും ലിങ്ക് റോഡിലും എത്തിയ യാത്രക്കാർ ഏറെ നേരം കാത്തുനിന്ന ശേഷം മടങ്ങേണ്ടി വന്നു. പലരും പിന്നീട് പുതിയ സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത് അവിടുന്നുള്ള ദീർഘദൂര ബസുകളെ ആശ്രയിക്കുകയാണുണ്ടായത്.
എങ്കിലും ലിമിറ്റഡ് സ്റ്റോപ് ബസുകൾ കടന്നുപോകാത്ത കരിമ്പനപ്പാലം, പുതുപ്പണം, പാലോളിപ്പാലം, ഇരിങ്ങൽ, അയനിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രികർക്ക് യാത്രാസൗകര്യം ലഭിക്കാതെ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. വ്യാഴാഴ്ച മുതൽ വീണ്ടും ലിങ്ക് റോഡിൽ പാർക്ക് ചെയ്യാം പ്രശ്നപരിഹാരത്തിനായി ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃൂരിൽ യൂണിയൻ പ്രതിനിധികളുടെയും ബസ് ഉടമകളുടെയും യോഗം ചേർന്നു.
ഈ യോഗത്തിലെ തീരുമാനപ്രകാരം പയ്യോളി റൂട്ടിലെ ബസുകൾ ഇന്നു മുതൽ വീണ്ടും ലിങ്ക് റോഡിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുവാൻ ധാരണയായി. ഗതാഗത പ്രശ്നങ്ങൾക്ക് 14 ന് അകം ചർച്ചയിലൂടെ ശാശ്വത പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.
ചർച്ചയിൽ എ.പി.ഹരിദാസൻ, സൽവ കുഞ്ഞമ്മദ്, ജിജു കുമാർ എടവലത്ത്, കെ.ടി.സുഷിൻ, ചന്ദ്രൻ തുണ്ടിയിൽ, എം.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

