പത്രപ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിന് രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പനമ്പിള്ളിനഗറിലെ ഓഫിസിൽ നടന്ന പൊതുദർശന ചടങ്ങിൽ നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
മന്ത്രി ഒ.ജെ.ജനീഷ്, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, ടോണി ചമ്മിണി, ടി.ജെ.വിനോദ്, ദീപക് ജോയ്, ഹൈബി ഈഡൻ എംപി, മേയർ വി.കെ.മിനിമോൾ, മുൻ കേന്ദ്രമന്ത്രിമാരായ പി.സി.ചാക്കോ, പി.സി.തോമസ്, ജില്ലാ കലക്ടർ ജി.പ്രിയങ്ക, സംവിധായകൻ ഷാജി കൈലാസ്, മുൻ മന്ത്രി കെ.ബാബു, കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴക്കൻ, ഡൊമിനിക് പ്രസന്റേഷൻ, എഴുത്തുകാരൻ പി.എഫ് മാത്യൂസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. രാവിലെ 11.45 വരെ പൊതുദർശനം തുടർന്നു.
അതിനുശേഷം ജിജോയുടെ സ്വദേശമായ പറവൂർ ഗോതുരുത്തിലേക്കു ഭൗതികശരീരം കൊണ്ടുപോയി. ഉച്ചയ്ക്ക് 12.45 മുതൽ ഗോതുരുത്ത് കടൽവാത്തുരുത്തിലെ പുത്തേഴത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ചു.
തുടർന്ന് വൈകുന്നേരം 3.30നു വസതിയിലെയും കടവൽവാത്തുരുത്ത് ഹോളി ക്രോസ് പള്ളിയിലെയും ശുശ്രൂഷകൾക്കു ശേഷം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ദേശീയശ്രദ്ധ നേടിയ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ മാധ്യമപ്രവർത്തന രംഗത്തു മികവിന്റെ അദ്വിതീയ മുദ്ര പതിപ്പിച്ച ജിജോ ജോൺ പുത്തേഴത്ത് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
മൂന്ന് പതിറ്റാണ്ടോളമായി പത്രപ്രവർത്തന രംഗത്തുള്ള അദ്ദേഹം, ഒട്ടേറെ നിർണായക ക്രമക്കേടുകളും തട്ടിപ്പുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. യു എസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കുകയാണെന്ന വ്യാജകരാറിന്റെ മറവിൽ നടന്ന 1000 കോടിയുടെ വിപിവിവി തട്ടിപ്പാണ് ഏറ്റവും ഒടുവിലത്തേത്.
കൂടാതെ സിഎംആർഎൽ – എക്സാലോജിക് ഇടപാടുകൾ, സ്വർണക്കടത്ത്, മെഡിക്കൽ രംഗത്തെ ക്രമക്കേടുകൾ, ലഹരിക്കടത്ത്, ഭീകരവാദ പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച് അദ്ദേഹം എഴുതിയ അന്വേഷണാത്മക റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലയും സാഹിത്യവും ചരിത്രവുമായി ബന്ധപ്പെട്ട
ഫീച്ചറുകളും വ്യാപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കൊച്ചിക്കു പുറമേ കൊല്ലം, ആലപ്പുഴ ബ്യൂറോകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബോട്ടണിയിൽ ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കേരള പ്രസ് അക്കാദമിയിൽനിന്നു ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടിയശേഷമാണ് അദ്ദേഹം 1997ൽ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. രാംനാഥ് ഗോയങ്ക അവാർഡ്, ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ, മംഗളം സ്വാമിനാഥൻ പുരസ്കാരം, പ്രഫ.
മീരാക്കുട്ടി മാധ്യമ പുരസ്കാരം തുടങ്ങിയ നിരവധി പ്രമുഖ പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

