അത്യാവശ്യമൊന്നുമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഇന്ത്യക്കാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പറഞ്ഞത് കഴിഞ്ഞ മേയിലാണ്. പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ 7.8% ജിഡിപി വളർച്ച കൈവരിച്ചെന്ന കണക്ക് പുറത്തുവന്ന കഴിഞ്ഞയാഴ്ചയും മോദി സമാന പ്രസ്താന ആവർത്തിച്ചു.
ശരിക്കും മോദി പറഞ്ഞത് കേട്ടോ ഇന്ത്യക്കാർ? സ്വർണം വാങ്ങലും ഇറക്കുമതിയും കുറഞ്ഞോ? കണക്കുകൾ പറയുന്നത് വ്യത്യസ്ത കഥയാണ്. മോദിയുടെ ആദ്യ പ്രസ്താവന വന്ന മേയിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 2025 മേയ് മാസത്തെ അപേക്ഷിച്ച് 4% കുറഞ്ഞു.
30.6 ടണ്ണിൽ നിന്ന് 29.4 ടണ്ണിലേക്കാണ് കുറഞ്ഞത്. ജൂണിൽ ഇറക്കുമതി ഇടിവ് 20 ശതമാനമായി.
ജൂലൈയിൽ 23.7%. ഓഗസ്റ്റിൽ 30%.
സെപ്റ്റംബറിലും ഇടിയുമെന്നാണ് വിലയിരുത്തൽ. 15% ഇടിവെങ്കിലും പ്രതീക്ഷിക്കുന്നു.
മോദിയുടെ ആഹ്വാനം മാത്രമല്ല, സ്വർണം വാങ്ങരുതെന്ന മോദിയുടെ ആദ്യ പ്രസ്താവന വന്നതിന് പിന്നിലെതന്നെ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് കുത്തനെ കൂട്ടി. ഇതും ഇറക്കുമതി കുറയാൻ വഴിയൊരുക്കി.
സ്വർണവില താരതമ്യേന കൂടിനിന്നതും ബാധിച്ചു. മോദിയുടെ ആഹ്വാനത്തിന് മുൻപ് സ്ഥിതി വ്യത്യസ്തമായിരുന്നു.
ജനുവരിയിൽ സ്വർണം ഇറക്കുമതി കൂടിയത് 171.6 ശതമാനമാണ്. 36.6 ടണ്ണിൽ നിന്ന് 99.4 ടണ്ണിലേക്കൊരു കുതിപ്പ്.
ഫെബ്രുവരിയിൽ ഇറക്കുമതി ഇരട്ടിച്ചു. 30.8 ടണ്ണിൽ നിന്ന് 66 ടണ്ണിലേക്ക്; 114.3% വർധന.
മാർച്ചിൽ പക്ഷേ ഇറക്കുമതി 35% കുറഞ്ഞു. ഏപ്രിലിൽ വീണ്ടും 30.7% വർധിച്ചു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂണിൽ ഇന്ത്യയിൽ സ്വർണ ഡിമാൻഡ് മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 6% കുറഞ്ഞു. എന്നാൽ, വിൽപനമൂല്യം 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 50% ഉയർന്ന് 1.98 ലക്ഷം കോടി രൂപയാവുകയാണ് ചെയ്തത്.
അതായത്, ഇന്ത്യക്കാർ ഫലത്തിൽ സ്വർണത്തിനായി ചെലവിടുന്ന തുക കൂടി. വില കൂടുതലായതിനാൽ വാങ്ങിയ സ്വർണത്തിന്റെ അളവ് കുറഞ്ഞു എന്നുമാത്രം.
സ്വർണാഭരണത്തിന്റെ ഡിമാൻഡ് ഏപ്രിൽ-ജൂണിൽ 15% കുറഞ്ഞ് 89 ടണ്ണിൽ നിന്ന് 75 ടണ്ണിലെത്തി. എന്നാൽ, വിൽപനമൂല്യം 84,200 കോടി രൂപയിൽ നിന്ന് 34% വർധിച്ച് 1.13 ലക്ഷം കോടി രൂപയായി.
ആഭരണം വാങ്ങാനും ജനം കൂടുതൽ പണം ചെലവാക്കിയെന്ന് ഈ കണക്ക് പറയുന്നു. പ്രമുഖ ജ്വല്ലറി ബ്രാൻഡായ ടൈറ്റനും പറയുന്നത് ഉപഭോക്താക്കൾ വിപണിയിൽ നിന്ന് വിട്ടുനിന്നില്ലെന്നാണ്.
കമ്പനിയുടെ വരുമാനം ഏപ്രിൽ-ജൂണിൽ 63 ശതമാനമാണ് വർധിച്ചത്. മോദിയുടെ ആഹ്വാനമുണ്ടായെങ്കിലും സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം മാഞ്ഞിട്ടില്ലെന്നും അതവിടെത്തന്നെയുണ്ടെന്നും ടൈറ്റൻ മനേജിങ് ഡയറക്ടർ അജോയ് ചാവ്ല ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞിട്ടില്ലെന്നും ഉപഭോക്താക്കൾ അവരവരുടെ ബജറ്റിന് അനുസരിച്ച് ഇപ്പോഴും വാങ്ങുന്നുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജണൽ സിഇഒ സച്ചിൻ ജെയിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

