യൂറോ മില്യൺസ് ലോട്ടറിയിലൂടെ ലഭിച്ച വൻ തുകയിൽ പകുതിയോളം ഭാഗം സാമൂഹിക സേവനത്തിനായി ദാനം ചെയ്ത് മാതൃകയാകുകയാണ് ഫ്രാൻസെസ് കോണോലി എന്ന മുൻ സോഷ്യൽ വർക്കറും അധ്യാപികയും. 2019-ൽ ഭർത്താവ് പാഡിക്കൊപ്പം 11.5 കോടി ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 1,470 കോടി ഇന്ത്യൻ രൂപ) സമ്മാനമായി നേടിയ ഇവർ, ഇതിൽ പകുതിയോളം തുക (ഏകദേശം 632.5 കോടി രൂപ) സമൂഹത്തിലെ നിർധനരെ സഹായിക്കാനായി നൽകിക്കഴിഞ്ഞു.
സ്വന്തം കുടുംബത്തിന്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ ബാക്കി തുക മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മാനുഷികമായ ഒരു കാര്യം മാത്രമാണെന്ന് ഫ്രാൻസെസ് വ്യക്തമാക്കുന്നു. പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയുമായ ഡോളി പാർട്ടന്റെ മാതൃകയാണ് തനിക്ക് പ്രചോദനമായതെന്നും അവർ കൂട്ടിച്ചേർത്തു.
ലളിതമായ ജീവിതം ലഭിച്ച തുക മുഴുവൻ ആഡംബരങ്ങൾക്കായി ചെലവഴിക്കുന്നതിന് പകരം നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കാനാണ് ഈ ദമ്പതികൾ തീരുമാനിച്ചത്. തങ്ങളുടെ സഹായങ്ങൾ കൂടുതൽ ആളുകളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനായി ഇവർ ‘PFC ട്രസ്റ്റ്’ എന്ന ചാരിറ്റബിൾ സംഘടനയും രൂപീകരിച്ചു.
വലിയ സമ്പത്തിന്റെ ഉടമകളായിട്ടും വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ തികച്ചും സാധാരണക്കാരായ ജീവിതമാണ് ഇവർ നയിക്കുന്നത്. പണം അനാവശ്യമായി ധൂർത്തടിക്കുന്നതിനേക്കാൾ ഉപയോഗിച്ച വാച്ചുകളും വാഹനങ്ങളും വാങ്ങാനാണ് ഇവർ മുൻഗണന നൽകുന്നത്.
“ജീവിതത്തിൽ നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാകാനും രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, പണം മുഴുവൻ നിങ്ങൾ കൈവശം വെക്കേണ്ടിവരും.
എന്നാൽ തങ്ങൾക്ക് ആവശ്യത്തിനുള്ളത് ലഭിച്ചുകഴിഞ്ഞാൽ ബാക്കി മറ്റുള്ളവർക്ക് നൽകുക എന്നത് മനുഷ്യന്റെ സ്വാഭാവിക രീതിയാണ്.” ഫ്രാൻസെസ് കോണോലി പറയുന്നു. ലോട്ടറി അടിക്കുമ്പോൾ അമ്പതുകളിലായിരുന്നു പ്രായമെന്നും, മക്കളുടെ ഭാവി സുരക്ഷിതമാക്കിയ സ്ഥിതിക്ക് ഇനിയുള്ള കാലം പണം വെറുതെ സൂക്ഷിച്ചുവെക്കുന്നതിൽ അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആരാണ് ഫ്രാൻസെസ് കോണോലി? നോർത്തേൺ അയർലൻഡിൽ ജനിച്ച ഫ്രാൻസെസ് ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1990-ൽ ജോലിക്കായി ഇംഗ്ലണ്ടിലെ ഹാർട്ടിൽപൂളിലേക്ക് മാറിയ ഇവർ തുടർന്ന് 25 വർഷത്തോളം അവിടെത്തന്നെ താമസമാക്കി.
ക്വീൻസ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷവും സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫ്രാൻസെസിന്, ലോട്ടറി അടിച്ചതോടെ അത് സജീവമാക്കാനുള്ള അവസരമാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

