കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവർന്നിരിക്കുകയാണ്. സ്വജീവൻ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്.
തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നൽകിയിരിക്കുന്നത്. ഹരീഷ് മോഹനൻ എഴുതിയിരിക്കുന്ന വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനേയും ആന്റണി വർഗ്ഗീസിനേയും അർജുൻ അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണെന്നാണ് മുമ്പ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ടിനു ഇക്കുറിയും ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരുടേയും പ്രതീക്ഷ.
ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകൻ ഒരുക്കുന്ന മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി ഏവരേയും ആകാംക്ഷാപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു സിനിമയുടെ ട്രെയിലർ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആന്റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്. അടുത്തിടെ ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ‘ചാവേറി’ൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.