തലശ്ശേരി – മാഹി ബൈപാസിൽ ചോനാടം മുതൽ അഴിയൂർ വരെയുള്ള ഭാഗത്ത് യാത്രികരും നാട്ടുകാരും വലിയ പ്രതിസന്ധിയിലാണ്. ഈസ്റ്റ് പള്ളൂരിൽ സ്പിന്നിങ് മിൽ– പെരിങ്ങാടി റോഡിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ബൈപാസ് കവിയൂർ മുതൽ പള്ളൂർ മേൽപാലം വരെയുള്ള പ്രദേശം പൂർണമായും അടച്ചിരുന്നു.
തുടർന്ന് ബൈപാസിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെയാണ് നിലവിൽ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് എപ്പോഴS അറുതിയാകുമെന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത്.
ഏകദേശം ഒരു വർഷം മുൻപാണ് അടിപ്പാതയുടെയും അനുബന്ധ ബൈപാസ് റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനിടയിൽ ഒന്നര മാസം മുൻപ് അടിപ്പാത താൽക്കാലികമായി തുറന്നുകൊടുത്തത് മാത്രമാണ് പ്രദേശവാസികൾക്ക് അൽപമെങ്കിലും ആശ്വാസമായത്.
എന്നാൽ അടിപ്പാത തുറന്നതോടെ സർവീസ് റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ അടിപ്പാതയിലേക്ക് പ്രവേശിക്കുന്നതും, തിരിച്ചുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് കയറുന്നതും വലിയ തോതിൽ അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ശ്രദ്ധ തെറ്റിയാൽ ഏതുനിമിഷവും അപകടം സംഭവിക്കാമെന്ന ആശങ്കയാണ് ഇവിടെ നിലനിൽക്കുന്നത്.
“തലശ്ശേരി – മാഹി ബൈപാസിൽ പള്ളൂർ മേഖലയിൽ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് തലശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന നിലയിലായി വളർന്നിട്ടുണ്ട്. ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് മാഹി ബൈപാസിൽ ദുരിതമാണ് നൽകുന്നത്.
നിർബന്ധമായും ടോൾ പിരിവ് നിർത്തണമെന്നാണ് ആവശ്യം. ഈസ്റ്റ് പള്ളൂർ ഭാഗത്തെ നിർമാണപ്രവൃത്തി ഉടനെ പൂർത്തിയാക്കണം.
നിർമാണം വൈകുന്നത് നാട്ടുകാർക്കു ദുരിതമാണ്. ആവശ്യമായ ഇടപെടൽ നടത്തും.” – കാരായി രാജൻ എംഎൽഎ വടകര ഭാഗത്തേക്ക് യാത്ര തിരിക്കുന്ന വാഹനങ്ങൾ പള്ളൂർ മേൽപ്പാലത്തിന് സമീപത്തുനിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ, അവിടെയുള്ള വലിയ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നുപോകുന്നത് പതിവായിരിക്കുകയാണ്.
ഇത് മേഖലയിൽ ഏതുസമയത്തും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലും മണിക്കൂറുകളുടെ ഇടവേളകളിൽ ഇവിടെ വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.
തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും സർവീസ് റോഡിലെ ഈ വലിയ കയറ്റത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. വീതി കുറഞ്ഞ സർവീസ് റോഡുകളിൽ വാഹനങ്ങൾ യാന്ത്രിക തടസ്സങ്ങളാൽ നിന്നുപോയാൽ യാത്രക്കാർ ശരിക്കും വലയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
മറ്റ് വാഹനങ്ങൾക്ക് ഈ ഭാഗത്തു കൂടി വശത്തേക്ക് മാറി കടന്നുപോകാൻ യാതൊരുവിധ സൗകര്യവുമില്ല. ഫലത്തിൽ ടോൾ നൽകി അതിവേഗ യാത്ര ലക്ഷ്യമിട്ടെത്തുന്നവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ട
ഗതികേടിലാണ്. ഇതിനിടയിൽ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപെടാൻ സമീപത്തെ ഇടവഴികളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് എത്തുന്നതും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അടിപ്പാതയുടെ ഇരുവശങ്ങളിലുമായി 500 മീറ്റർ ദൂരത്തിൽ ആരംഭിച്ച നിർമാണ ജോലികൾ നിലവിൽ പൂർണ്ണമായും നിലച്ച മട്ടിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബൈപാസ് നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുന്ന തീയതിയെക്കുറിച്ച് അധികൃതർക്ക് പോലും വ്യക്തതയില്ല.
നിർമാണത്തിനായി എത്തിച്ച വാഹനങ്ങൾ പോലും ടാർപോളിൻ മൂടിയിട്ടിരിക്കുന്ന നിലയിലാണ് കാണാൻ സാധിക്കുന്നത്. ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ സമീപിച്ചാൽ കൃത്യമായ മറുപടികൾ നൽകാനും തയ്യാറാകുന്നില്ല. കവിയൂർ ഭാഗത്തെ മണ്ണുഘടനയിലുള്ള ആശങ്ക കാരണം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ റോഡ് ഉയർത്തുകയുള്ളൂ എന്നായിരുന്നു നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ലഭിച്ച വിശദീകരണം.
എന്നാൽ നിലവിൽ കവിയൂർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ നാടിന് സമർപ്പിച്ച മാഹി ബൈപാസ് ഇപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറിത്തീർന്നിരിക്കുന്നു.
“തലശ്ശേരി – മാഹി ബൈപാസിൽ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പള്ളൂർ മേഖലയിൽ ചെറുതും വലുതുമായ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ പോക്കു വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. പള്ളൂർ മേൽപാലം മുതൽ ഒളവിലം ഭാഗം വരെ ബൈപാസ് റോഡ് പൂർണമായും പൊളിച്ചുമാറ്റി നിർമാണം ആരംഭിച്ച് ഒരു വർഷം ആകുന്നു.
ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പുതുച്ചേരി സർക്കാരിനെ അറിയിച്ചത്. നിർമാണം നിലച്ച അവസ്ഥയാണ്.
ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യമായ പ്രവർത്തനം നടത്തും.” – ടി.അശോക് കുമാർ എംഎൽഎ “പള്ളൂർ സബ് സ്റ്റേഷൻ പരിസരത്ത് കൂടി കടന്നുപോകുന്ന സർവീസ് റോഡിൽ വാഹനങ്ങളുടെ നീണ്ട
നിരയാണിപ്പോൾ രൂപപ്പെടുന്നത്. നാട്ടുകാർക്ക് കൃതമായി മറ്റ് പ്രദേശത്തേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
സബ് സ്റ്റേഷൻ പരിസരത്തെ അടിപ്പാതയിൽ കൂടി യാത്ര ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകടം സംഭവിക്കും എന്നതാണ് സ്ഥിതി. പെട്രോൾ പമ്പുകൾ വർധിച്ച സാഹചര്യത്തിൽ പ്രദേശത്ത് അഗ്നിരക്ഷാസേന സ്റ്റേഷൻ സ്ഥാപിക്കണം.” – ടി.ടി.ഇ.വിജയൻ (റിട്ട.
തഹസിൽദാർ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

