രാഷ്ട്രീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയിൽ ആദ്യ വിമതനീക്കം ഔദ്യോഗികമായി പുറത്തുവന്നു. അഭിജീത് ദിപ്കേ നയിക്കുന്ന പാർട്ടിയിൽ നിന്നും മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് ആണ് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി)’ എന്ന പേരിൽ പുതിയൊരു വിഭാഗം രൂപീകരിച്ചിരിക്കുന്നത്.
യുവാക്കളുടെ ഈ പ്രസ്ഥാനത്തെ ദേശീയ കൺവീനറായ അഭിജീത് ദിപ്കേ തനിക്കിഷ്ടപ്പെട്ട വ്യക്തികളെ മാത്രം ഉൾപ്പെടുത്തി കേവലം ‘കേജ്രിവാൾ ടീം’ മാത്രമാക്കി മാറ്റിയെന്ന് മനീഷ് ബ്രഹ്മഭട്ട് കടുത്ത ആരോപണം ഉന്നയിച്ചു.
മുൻകാലങ്ങളിൽ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ച പരിചയമുള്ളവരാണ് സിജെപിയുടെ നേതൃനിരയിൽ കൂടുതലുള്ളതെന്നും, ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. “രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യം.
വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കേജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്”– വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കി.
സിജെപി നേതൃത്വത്തിലുള്ള സംഘത്തിന്റെ ഘടനയെ ചോദ്യം ചെയ്തുകൊണ്ട് ഗുജറാത്ത് സ്വദേശിയായ മനീഷ് ബ്രഹ്മഭട്ട് രംഗത്തെത്തി. ജന്തർ മന്ദിർ പ്രക്ഷോഭസമയത്ത് പാർട്ടിക്ക് പിന്തുണ നൽകിയ ആളുകൾക്കോ വിവിധ വിഭാഗങ്ങൾക്കോ പുതിയ നേതൃത്വത്തിൽ യാതൊരുവിധ പ്രാതിനിധ്യവും നൽകിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ അഭിജീത് ദിപ്കേ കൺവീനറായി രൂപീകരിച്ച സിജെപി ദേശീയ വർക്കിങ് കമ്മിറ്റിയിൽ അദ്ദേഹത്തോട് അടുപ്പമുള്ളവർക്കു മാത്രമാണ് മുൻഗണന നൽകിയത്. സമരം ചെയ്ത പ്രമുഖരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും മനീഷ് ബ്രഹ്മഭട്ടും സഹപ്രവർത്തകരും ആരോപിച്ചു.
ഈ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നാണ് ഇപ്പോൾ പുതിയൊരു സംഘടനാ രൂപീകരണത്തിലേക്ക് വിമത വിഭാഗം എത്തിച്ചേർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

