തിരുവനന്തപുരം: കല്ലമ്പലം ദേശീയപാതയ്ക്ക് സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള കിണറ്റിൽ വൃത്തിയാക്കലിനിടെ ഉണ്ടായ സ്ഫോടനത്തിൽ റവന്യൂ അധികൃതരുടെ പരിശോധന. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കിണറ്റിൽ പെട്രോളിന്റെ അംശം കണ്ടെത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോർന്നതാകാം കാര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ രാവിലെയായിരുന്നു കിണർ വൃത്തിയാക്കാനെത്തിയ മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റത്.
കിണർ വൃത്തിയാക്കാനെത്തിയ രണ്ട് തൊഴിലാളികൾക്കും ഇവർക്ക് സഹായത്തിനെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിണറ്റിലെ വെള്ളം പൂർണ്ണമായി പമ്പ് ചെയ്തു കളഞ്ഞ ശേഷം, അടിത്തട്ടിലെ ഓക്സിജന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് താഴേക്ക് ഇറക്കിയപ്പോഴാണ് വൻതോതിൽ തീ ആളിപ്പടർന്നത്. കിണർ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന് താഴെയായതിനാൽ പെട്ടെന്ന് സ്ഫോടനമുണ്ടാവുകയും തീയും പുകയും മുകളിലേക്ക് ആളിപ്പടരുകയും ചെയ്തു.
ഇത് കാരണം തൊഴിലാളികൾക്ക് വേഗത്തിൽ പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. അതേസമയം, ഇന്ധന സാന്നിധ്യമുള്ള കാര്യം മറച്ചുവെച്ചാണ് പമ്പ് അധികൃതർ കിണർ വൃത്തിയാക്കാൻ തൊഴിലാളികളെ ചുമതലപ്പെടുത്തിയതെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

