കാസർകോട് ജില്ലയിലെ കുമ്പളയിൽ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സംഘത്തെ ചോദ്യം ചെയ്ത യുവാവിനെ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
മള്ളങ്കൈ ആയദി മൻസിൽ സ്വദേശിയായ അലി മുക്താദിന് (35) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മംഗൽപാടി സ്വദേശികളായ ഷംസീർ, ഹയാസ് എന്നിവർക്കടക്കം മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 31-ാം തീയതി ഗുർമയിലെ വീടിന് സമീപത്തുള്ള ശ്മശാനത്തിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ നിലയുറപ്പിച്ചിരുന്ന സംഘത്തോട് എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് അലി മുക്താദ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിൽ പ്രകോപിതരായ സംഘം അലിയുടെ കാറിലേക്ക് അതിക്രമിച്ചു കയറി. തുടർന്ന് കാറിലുണ്ടായിരുന്ന മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് അദ്ദേഹത്തെ ശ്വാസംമുട്ടിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പ്രധാന പരാതി.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ അദ്ദേഹത്തെ തടഞ്ഞുനിർത്തുകയും വടി ഉപയോഗിച്ച് കൈകാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ക്രൂരമർദനത്തിന് ഇരയായി പരിക്കേറ്റ അലി മുക്താദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

