സ്തനാർബുദ ചികിത്സാ രംഗത്ത് ചെലവ് കുറഞ്ഞതും തികച്ചും നൂതനവുമായ പുതിയ ക്ലിപ്പിങ് രീതി പരിചയപ്പെടുത്തി മലയാളി ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ.
ടീന സ്ലീബയാണ് ഈ സുപ്രധാന കണ്ടെത്തൽ പുറംലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 24-ാമത് ഏഷ്യൻ ഓഷ്യാനിയൻ കോൺഗ്രസ് ഓഫ് റേഡിയോളജി സമ്മേളനത്തിലായിരുന്നു ഈ നിർണായക നേട്ടം.
ലോകമെമ്പാടുമുള്ള 42 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ അണിനിരന്ന ഈ വേദിയിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഏക ബ്രെസ്റ്റ് റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവർ. സ്തനാർബുദ മുഴകളും കക്ഷത്തിലെ ലസികാ ഗ്രന്ഥികളും കൃത്യമായി ക്ലിപ്പ് ചെയ്യുന്നതിനായി ഡോ.
ടീന മുന്നോട്ടുവെച്ച ചെലവ് കുറഞ്ഞ മാർഗത്തിന് വലിയ സ്വീകാര്യതയാണ് അന്താരാഷ്ട്ര വേദികളിൽ ലഭിച്ചത്. ആഗോളതലത്തിൽ 1300 ഡോളറിന് മുകളിൽ അതായത് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം ചെലവ് വരുന്ന പ്രക്രിയയാണ്, ഈ പുതിയ സാങ്കേതികവിദ്യയിലൂടെ വെറും 20 ഡോളറിന് താഴെ അതായത് ഏകദേശം 1900 രൂപ ചെലവിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നത്.
നിലവിലുള്ള വില കൂടിയ മാർഗങ്ങളുടെ അതേ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പുനൽകുന്ന ഈ കണ്ടെത്തൽ, വി വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരായ അർബുദ രോഗികൾക്ക് വലിയ തോതിൽ ആശ്വാസമാകും. രോഗികളിൽ കീമോതെറാപ്പി ആരംഭിക്കുന്നതിന് മുൻപായി ട്യൂമറിനുള്ളിൽ ക്ലിപ്പ് സ്ഥാപിക്കുന്നതാണ് ഇതിന്റെ ആദ്യ ഘട്ടം.
തുടർന്ന് കീമോതെറാപ്പിയുടെ ഫലമായി ട്യൂമർ ചുരുങ്ങി ക്ലിപ്പിനോട് അടുക്കുമ്പോൾ, ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പായി റേഡിയോളജിസ്റ്റ് ഇതിനുചുറ്റും മെഥിലീൻ ബ്ലൂ ഡൈ കുത്തിവയ്ക്കുന്നു. ട്യൂമർ മില്ലിമീറ്റർ അളവിലേക്ക് ചുരുങ്ങുമ്പോൾ ബാക്കി വരുന്ന ഭാഗം വളരെ കൃത്യതയോടെ നീക്കം ചെയ്യാനും, അതുവഴി സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടാതെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനും ഈ രീതി ഏറെ സഹായകരമാണ്.
രാജഗിരി കാൻസർ സെന്ററിന് കീഴിലുള്ള വിവിധ ക്ലിനിക്കൽ വിഭാഗങ്ങളുടെ മൂന്നു വർഷം നീണ്ട നിരന്തരമായ പരിശ്രമങ്ങൾക്കുള്ള അർഹമായ അംഗീകാരമാണിതെന്ന് ഡോ.
ടീന വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി രാജഗിരി ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരുന്ന ഇവർ, കോട്ടയം വാലയിൽപൂവന്തറ കുടുംബാംഗമാണ്.
‘ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നവീന ചികിത്സാ രീതിക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അംഗീകാരവും ഇതിനകം ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

