പ്രകൃതിഭംഗി തുളുമ്പുന്ന മലമേൽ കുന്നിന് പ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കും കാഴ്ചക്കാര്‍ക്കും കൗതുകമായിരുന്ന വാനരക്കൂട്ടം ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് വലിയ ദുരിതമായി മാറുന്നു. ആഹാരം തേടി കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കുരങ്ങുകൾ വീടുകളിലും കൃഷിയിടങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
വീടുകളുടെ കതക്കോ ജനലോ തുറന്നിട്ടിരുന്നാല്‍ അടുക്കളയില്‍ അതിക്രമിച്ചു കയറി ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ കവര്‍ന്നു കൊണ്ടുപോകുന്നതാണ് ഇവയുടെ പ്രധാന രീതി. പ്രദേശത്തെ കർഷകരുടെ വാഴക്കുല, മാങ്ങ, ചക്ക തുടങ്ങിയ കാര്‍ഷിക വിളകളും ഇവ നശിപ്പിക്കുന്നു.
തെങ്ങില്‍ നിന്ന് ഇളനീര് പറിച്ചെറിയുന്നതും പതിവാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മലമേൽ പാറയില്‍ മാത്രമായി ഒതുങ്ങിയിരുന്ന ഇവ, അവിടെ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെയാണ് നാട്ടിലേക്ക് വ്യാപകമായി ഇറങ്ങിത്തുടങ്ങിയത്.
നിലവില്‍ തടിക്കാട്, തണ്ണിച്ചാൽ, അറയ്ക്കൽ, വാളകം, പെരുമണ്ണൂർ, ഇടയം, മരങ്ങാട്ടുകോണം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ഇവയെ തുരത്തിയോടിക്കുക ഏറെ ദുഷ്കരമാണ്.
അബദ്ധത്തില്‍ മുന്നില്‍പ്പെടുന്നവരെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ വീടുകൾക്ക് പുറത്തിറക്കാന്‍ പോലും ഭയപ്പെടേണ്ട അവസ്ഥയാണുള്ളത്.
എന്നാല്‍ വന്യജീവികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നതിനാല്‍ നിയമപരമായ പ്രതിസന്ധിയിലും കൂടിയാണ് പ്രദേശവാസികള്‍. മലമേല്‍ പാറയിലെ വാനരന്മാര്‍ക്കായി ഇടമുളയ്ക്കൽ പഞ്ചായത്ത് മുൻപ് തീറ്റ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അവ യാതൊന്നും തന്നെ ഇതുവരെ നടപ്പിലായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

