സംസ്ഥാനത്തിന്റെ പ്രധാന പാതകളിലൊന്നായ എംസി റോഡിന്റെ അങ്കമാലി മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗത്ത് യാത്രാക്ലേശം അതീവ ഗുരുതരമായി തുടരുന്നു. റോഡിലെ വലിയ കുഴികളും വാഹനപ്പെരുപ്പവും കാരണം ഈ പാതയിലൂടെയുള്ള യാത്ര മണിക്കൂറുകൾ നീളുന്ന അവസ്ഥയാണുള്ളത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി അങ്കമാലിയിൽ നിന്ന് മൂവാറ്റുപുഴയിലേക്കുള്ള യാത്ര നാലു മണിക്കൂറോളമാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് നീണ്ടുപോയത്. മൂവാറ്റുപുഴ, പായിപ്ര കവല, പെരുമ്പാവൂർ, കാലടി, അങ്കമാലി തുടങ്ങിയ പ്രധാന ജങ്ഷനുകളിലാണ് ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്നത്.
റോഡിലെ കുഴികൾ വെട്ടിച്ചുമാറ്റി വാഹനങ്ങൾ പോകേണ്ടി വരുന്നതാണ് പ്രധാനമായും കുരുക്കിന് കാരണം. ഇത് വലിയ തോതിലുള്ള അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
പ്രത്യേകിച്ച് വെള്ളൂർക്കുന്നം മുതൽ പെരുമ്പാവൂർ വരെയുള്ള ഭാഗത്താണ് റോഡ് തകർന്ന് കൂടുതൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായതോടെ ഈ കുഴികൾ വെള്ളക്കെട്ടായി മാറുന്നത് ഇരുചക്രവാഹന യാത്രികരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.
കുഴിയിൽ ചാടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴും വെട്ടിക്കുമ്പോഴും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരെയും വലിയതോതിലിൽ ആശങ്കയിലാക്കുന്നുണ്ട്.
കൃത്യസമയത്ത് എത്തിച്ചേരാനാവാതെ നിരവധി പേരുടെ വിമാന യാത്രകൾ മുടങ്ങുന്ന സ്ഥിതിയുണ്ട്. കൂടാതെ, അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും മണിക്കൂറുകളോളം ഈ കുരുക്കിൽപ്പെടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം അങ്കമാലി – മൂവാറ്റുപുഴ ഭാഗത്ത് സമഗ്രമായ ഉപരിതല പുനരുദ്ധാരണം നടന്നിട്ട് 15 വർഷത്തിലേറെയായി. കാലപ്പഴക്കവും തുടർച്ചയായ മഴയും കനത്ത ഗതാഗതവും കാരണം റോഡിന്റെ വിവിധ ഭാഗങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്.
താൽക്കാലികമായി നടത്തുന്ന പാച്ച് ടാറിങ് പോലുള്ള അറ്റകുറ്റപ്പണികൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്നാണ് വിലയിരുത്തൽ. പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഡിബിഎം ആൻഡ് ബിസി നിലവാരത്തിൽ അടിയന്തരമായി റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.
മന്ത്രിയുമായി നേരിട്ട് വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ പാതയ്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ച് സമഗ്ര നവീകരണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

