വ്യോമയാന മേഖലയിൽ ചരിത്രപരമായ മുന്നേറ്റവുമായി മലയാളി ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ‘ഫ്ലൈ91’. പുതിയ എടിആർ 72–600 ടർബോപ്രോപ് വിമാനങ്ങൾക്കായി 40 പുതിയ വിമാനങ്ങളുടെ മെഗാ ഓർഡറാണ് കമ്പനി നൽകിയിരിക്കുന്നത്.
ലോകത്ത് ഇത്തരത്തിൽ ഒരു പ്രാദേശിക എയർലൈൻ കമ്പനി ഇത്രയധികം എടിആർ വിമാനങ്ങൾക്ക് ഒരേസമയം ഓർഡർ നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള കമ്പനി 2024-ലാണ് ഗോവ കേന്ദ്രമായി ഔദ്യോഗിക സർവീസുകൾ ആരംഭിച്ചത്.
നിലവിൽ 6 വിമാനങ്ങളാണ് കമ്പനിയുടെ പക്കലുള്ളത്. എന്നാൽ പുതിയ 40 വിമാനങ്ങൾ ഉൾപ്പെടെ ഏതാനും വർഷങ്ങൾക്കുള്ളിൽ 60 വിമാനങ്ങളുള്ള വൻകിട
കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആർ കമ്പനിയുമായുള്ള ഈ ബൃഹദ് ഡീൽ.
അടുത്ത വർഷം അവസാനത്തോടെ പുത്തൻ വിമാനങ്ങൾ ഓരോന്നായി കമ്പനിക്ക് ലഭിച്ചുതുടങ്ങും. അതുവരെയുള്ള പ്രവർത്തന വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതൽ 8 വരെ വിമാനങ്ങൾ കൂടി ലീസിനെടുക്കാൻ പദ്ധതിയുണ്ട്.
രാജ്യത്തെ ഒട്ടേറെ ടിയർ–2, ടിയർ–3 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പുതിയ നീക്കം. കേരളത്തിൽ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.
കമ്പനി ആരംഭിച്ചു വെറും രണ്ടര വർഷത്തിനുള്ളിലാണ് ഈ നിർണായക വിപുലീകരണ നടപടികൾക്ക് കളമൊരുങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ 15,000 വിമാനസർവീസുകൾ കമ്പനി വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.
നിലവിൽ 6 വിമാനങ്ങൾ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സർവീസുകളാണ് നടത്തിവരുന്നത്. കൊച്ചിക്കും–അഗത്തി (ലക്ഷദ്വീപ്) സർവീസുകൾക്ക് പുറമേ, ഹുബ്ബള്ളി, ബെംഗളൂരു (കർണാടക), രാജ്മുണ്ഡ്രി, വിജയവാഡ (ആന്ധ്രപ്രദേശ്), ജൽഗാവ്, പുണെ, സിന്ദുദുർഗ്, സോലാപുർ (മഹാരാഷ്ട്ര), ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവിൽ ഫ്ലൈ91 ബന്ധിപ്പിക്കുന്നത്.
അടുത്ത ആഴ്ച തിരുപ്പതിയിലേക്കും പുതിയ സർവീസ് ആരംഭിക്കും. ഗോവയിലെ മനോഹർ വിമാനത്താവളം (മോപ), ഹൈദരാബാദ് എന്നിവയാണ് ഇപ്പോഴത്തെ ഫ്ലൈ91ന്റെ പ്രധാന ബേസുകൾ.
നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയെന്ന പദവിയും ഫ്ലൈ91നുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുപ്രകാരം 2026 ജനുവരി മുതൽ ജൂലൈ വരെ മാത്രം 2.97 ലക്ഷം യാത്രക്കാരാണ് ‘ഫ്ലൈ91’ ലൂടെ യാത്ര ചെയ്തത്.
വിമാനനിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ വാങ്ങിയയുടൻ ലീസിങ് കമ്പനികൾക്ക് വിൽക്കുകയും, അവരിൽ നിന്ന് തിരികെ ലീസിനെടുക്കുകയും ചെയ്യുന്ന ‘സെയിൽ ആൻഡ് ലീസ്ബാക്’ മാതൃകയാണ് ഫ്ലൈ91 പിന്തുടരുന്നത്. ഫലത്തിൽ വിമാനങ്ങൾ സ്വന്തം ഉടമസ്ഥതയിൽ സൂക്ഷിക്കാത്ത ‘അസറ്റ് ലൈറ്റ്’ (Asset light) മോഡലാണ് കമ്പനി നടപ്പിലാക്കുന്നത്.
നിലവിലുള്ള 6 വിമാനങ്ങൾ ലീസിങ് കമ്പനികളിൽ നിന്ന് നേരിട്ട് ലീസിടുത്തതാണെങ്കിൽ, അടുത്ത 40 വിമാനങ്ങൾ എടിആർ കമ്പനിയിൽ നിന്ന് വാങ്ങിയശേഷം ലീസിങ് കമ്പനികൾക്ക് ഉടമസ്ഥാവകാശം കൈമാറുകയാണ് ചെയ്യുക. ഈ മെഗാ ഡീൽ ഒപ്പിടുന്നതിനായി എടിആർ കമ്പനിയുടെ സിഇഒ നദാലി ടർണാഡ് ലോഡും ചീഫ് കൊമേർഷ്യൽ ഓഫിസർ അലെക്സിസ് വിഡലും ഡൽഹിയിലെത്തിയിരുന്നു.
ഡൽഹിയിലെ വ്യോമയാന മന്ത്രാലയത്തിൽ നടന്ന ചടങ്ങിന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു സാക്ഷ്യം വഹിച്ചു. 72 പേരെ ഒരേസമയം വഹിക്കാവുന്ന എടിആർ 72–600 മോഡൽ വിമാനങ്ങളാണ് ‘ഫ്ലൈ91’ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 ഓർമ്മിപ്പിച്ചാണ് കമ്പനിക്ക് ഈ പേരിട്ടിരിക്കുന്നത്. വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അതായത് 30 വർഷത്തെ സമ്പന്നമായ അനുഭവപരിചയമുള്ള വ്യക്തിയാണ് മനോജ് ചാക്കോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

