പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിഷേധങ്ങൾ അവഗണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കർശന നിലപാടുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. കേരളത്തിന്റെ പ്രതിഷേധം ശക്തമായിട്ടും റെയിൽവേ മന്ത്രി എംപിമാരെ ചർച്ചയ്ക്ക് പോലും വിളിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാരും മന്ത്രിമാരുമടക്കം ഡൽഹിയിൽ സമരം ചെയ്യുക മാത്രമാണ് ഏക പോംവഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് ഡിവിഷനു മുന്നിൽ സമരം ഇരുന്നിട്ടു കാര്യവുമില്ലെന്നും, മുഖ്യമന്ത്രി ഡൽഹിയിൽ സമരത്തിന് തയാറായാൽ സിപിഎം പൂർണ്ണമായും അതിനോടൊപ്പം സഹകരിക്കുമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
അടുത്തതായി തിരുവനന്തപുരം ഡിവിഷനാണ് റെയിൽവേ വെട്ടിമുറിക്കാൻ ലക്ഷ്യമിടുന്നത്. കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോണിന് അർഹതയുണ്ട്.
ഇതുവരെ മുറിച്ചുമാറ്റിയ ഭാഗങ്ങളെല്ലാം കൂട്ടിച്ചേർത്ത് പുതിയ സോൺ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരളം കേന്ദ്രത്തിന്മേൽ സമ്മർദം ശക്തമാക്കണം. കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുമെന്ന് റെയിൽവേ മന്ത്രി ആവർത്തിച്ചു പറയുന്ന അവകാശവാദങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
2018-ൽ എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കായി പഠനം നടത്തുകയും ഡിപിആർ തയാറാക്കുകയും ചെയ്തിരുന്നുവെങ്കിലും, പദ്ധതി ലാഭകരമാകില്ലെന്നാണ് അന്ന് ജനറൽ മാനേജർ തന്നോട് വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യൻ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം സ്ഥിരമായി സംഭാവന ചെയ്യുന്നതിൽ പ്രധാനപ്പെട്ടവ കേരളത്തിലെ രണ്ട് ഡിവിഷനുകളാണ്.
ഇവിടെ മാത്രം പണം മുടക്കാൻ റെയിൽവേ തയാറാകുന്നില്ല. ഉത്തരേന്ത്യയിൽ യാത്രക്കാരില്ലാതെ വന്ദേഭാരത് സർവീസുകൾ പോലും പിൻവലിക്കേണ്ടി വരുമ്പോൾ, വന്ദേഭാരതിൽ ഏറ്റവും കൂടുതൽ യാത്രാത്തിരക്കുള്ളത് കേരളത്തിലാണ്.
കേരളത്തിന് കോടികൾ നൽകിയെന്നാണ് റെയിൽവേ മന്ത്രിയുടെ അവകാശവാദമെങ്കിലും, പ്രഖ്യാപിച്ച തുകയുടെ കണക്കുകളല്ലാതെ അതിൽ എത്ര തുക യഥാർത്ഥത്തിൽ ചെലവഴിച്ചു എന്നതിന് യാതൊരുവിധ രേഖകളുമില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം–കണ്ണൂർ അതിവേഗ പാതയോടും സർക്കാർ വലിയ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന വിലയിരുത്തലുകളോട് പ്രതികരിച്ച അദ്ദേഹം, കേരളം സ്വന്തം നിലയിൽ പദ്ധതികൾ ആലോചിക്കാതെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകില്ലെന്ന് വ്യക്തമാക്കി.
റെയിൽവേ കേരളത്തിന് എന്തെങ്കിലും പ്രത്യേകമായി ചെയ്തുതരുമെന്ന് കരുതുന്നത് മിഥ്യാധാരണ മാത്രമാണ്. 2015-ൽ തറക്കല്ലിട്ടതും വെറും 114 കോടി രൂപ മാത്രം ചെലവവരുന്നതുമായ നേമം ടെർമിനൽ പദ്ധതി പോലും ഇതുവരെ പൂർത്തീകരിക്കാൻ റെയിൽവേയ്ക്ക് സാധിച്ചിട്ടില്ല.
35 കിലോമീറ്റർ മാത്രം ദൂരമുള്ള ഗുരുവായൂർ–തിരുനാവായ പാതയുടെ ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അതും എവിടെയുമെത്തിയിട്ടില്ല. എല്ലാ പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയാണ്.
ഇപ്പോൾ ലഭിക്കേണ്ട യാത്രാസൗകര്യങ്ങൾ 50 വർഷത്തിനുശേഷം ലഭിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.
കേരളത്തിൽ അതിവേഗ യാത്ര യാഥാർത്ഥ്യമാക്കാൻ എസി ട്രെയിനുകൾ മാത്രം സർവീസ് നടത്തുന്ന ഒരു പ്രത്യേക ഇടനാഴി സംസ്ഥാനം അടിയന്തരമായി ആലോചിക്കണം. അതിനെ ഏതു പേരിലാണ് വിളിക്കുന്നതെങ്കിലും അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

