സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളുടെ മറവിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. “വർക്ക് ഫ്രം ഹോം”, “പാർട് ടൈം തൊഴിൽ” എന്നിവയുടെ പേരിൽ എത്തുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വീഴുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
വീട്ടമ്മമാർ, വിദ്യാർഥികൾ, വിരമിച്ച ജീവനക്കാർ, തൊഴിലന്വേഷകർ എന്നിവരാണ് പ്രധാനമായും ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെടുന്നത്. കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുസ്തക വായന, ഓൺലൈൻ ആപ്പുകളിലെ റിവ്യൂ രേഖപ്പെടുത്തൽ, യുട്യൂബ് വിഡിയോകൾക്ക് ലൈക്ക് നൽകുക, ഗൂഗിൾ മാപ്പിൽ സ്റ്റാർ റേറ്റിങ് രേഖപ്പെടുത്തുക തുടങ്ങിയ എളുപ്പമുള്ള ജോലികളാണ് തുടക്കത്തിൽ വാഗ്ദാനം ചെയ്യുന്നത്. രജിസ്ട്രേഷൻ ഫീ, കുറിയർ ഫീ, വെർച്വൽ ഓർഡർ ഫീ തുടങ്ങി വിവിധ പേരുകളിൽ പണം ഈടാക്കിയാണ് തട്ടിപ്പ് നടപ്പിലാക്കുന്നത്.
തുടക്കത്തിൽ ചെറിയ തുകകൾ അക്കൗണ്ടിലേക്ക് നൽകി ഇരകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം, വൻതുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയാണ് പതിവ്. കൂടുതൽ വരുമാനം ലഭിക്കുന്ന വിഐപി ടാസ്കുകളുടെ പേരിൽ ആയിരക്കണക്കിന് രൂപ കൈക്കലാക്കിയ ശേഷം, ടാക്സ് അല്ലെങ്കിൽ ജിഎസ്ടി ആവശ്യപ്പെട്ട് വീണ്ടും പണം തട്ടുന്നു.
പണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ തട്ടിപ്പുകാർ ബന്ധപ്പെടാനുള്ള വഴികൾ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. തട്ടിപ്പുകളിൽ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാം? ∙ ഒരു ജോലി നൽകുന്നതിനായി സ്ഥാപനങ്ങൾ അങ്ങോട്ട് പണം ആവശ്യപ്പെടുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം.
യഥാർഥ കമ്പനികൾ യാതൊരുവിധ രജിസ്ട്രേഷൻ ഫീസോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ട്രെയിനിങ് ഫീസോ ഈടാക്കില്ല. ∙ ചെറിയ ലൈക്കുകൾക്കോ റിവ്യൂകൾക്കോ വലിയ തുക വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ വിശ്വാസ്യത പരിശോധിക്കുക.
∙ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറാതിരിക്കുക.
∙ വ്യാജ നിയമനടപടികളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചാൽ അതിന് വഴങ്ങരുത്. ∙ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

