ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അതീവ ഗുരുദാവസ്ഥയിലായിരുന്ന പുതുപ്പള്ളി സാധു എന്ന ആന തൃശൂരിൽ വിദഗ്ധ ചികിത്സയിലൂടെ പുതിയ ജീവിതത്തിലേക്ക്. മരണത്തെ മുഖാമുഖം കണ്ട
ആനയ്ക്ക് തൃശൂരിൽ നൽകിയ പരിചരണമാണ് തുണയായത്. ഓണം തിരുനാളിന് മൂന്നോ നാലോ ദിവസം മുൻപാണ് ആന അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്.
തുടർന്ന് തീറ്റയെടുക്കാതിരിക്കുകയും വയറിളക്കവും കടുത്ത ക്ഷീണവും അനുഭവപ്പെടുകയും ചെയ്തു. കോട്ടയം ജില്ലയിലെ വിവിധ ഡോക്ടർമാർ പരിശോധനകൾ നടത്തി ചികിത്സ നൽകിയെങ്കിലും രോഗാവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.
അസുഖം ഗുരുതരമായതിനെ തുടർന്ന് ആനയുടെ ഉടമയായ വാകത്താനം പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ്, തൃശൂരിലെ ആനചികിത്സാ വിദഗ്ധനായ ഡോ. പി.ബി.
ഗിരിദാസിനെ ബന്ധപ്പെടുകയായിരുന്നു. ഓണാവധിയാണെങ്കിലും ആനയെ തൃശൂരിലെത്തിച്ചാൽ അടിയന്തര ചികിത്സ നൽകാമെന്ന ഡോക്ടറുടെ ഉറപ്പിനെ തുടർന്നാണ് ആനയെ ഇങ്ങോട്ട് കൊണ്ടുവന്നത്.
തുടർന്ന് സാധുവിന് ഏറെ പരിചിതവും സ്നേഹനിധികളായ മനുഷ്യരുള്ള കുന്നംകുളത്തെ ഇയ്യാലിലേക്ക് ആനയെ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആനയ്ക്ക് കടുത്ത എരണ്ടക്കെട്ടാണെന്ന് ഡോ.
പി.ബി. ഗിരിദാസ് കണ്ടെത്തി.
ഉടൻ തന്നെ വിദഗ്ധമായ ചികിത്സാ നടപടികൾ ആരംഭിക്കുകയായിരുന്നു. ആനയുടെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് പലരും വിധിയെഴുതിയ ഗുരുതരമായ അവസ്ഥയിൽ നിന്നാണ് പത്താം ദിവസം സാധു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഏകദേശം 50 കിലോഗ്രാം വരുന്ന എരണ്ടയാണ് പൂർണ്ണമായും പുറത്തെടുത്തത്. 58 വയസ്സുള്ള സാധു ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരികയാണ്.
ഒരാഴ്ച കൂടി കഴിയുമ്പോൾ ആന പൂർണ്ണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ സമാനമായ രീതിയിൽ എരണ്ടക്കെട്ട് മൂലം സാധു ദുരിതം അനുഭവിച്ചിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നുനടത്തുന്ന ഗുജറാത്തിലെ വനതാര വന്യജീവി പുനരധിവാസകേന്ദ്രത്തിലെ ഡോക്ടർമാരായിരുന്നു അന്ന് ചികിത്സ നൽകിയത്. അന്നത്തെ അസുഖം ഭേദമാക്കാൻ 28 ദിവസങ്ങൾ വേണ്ടിവന്നതായി പാപ്പാൻ മണിമല ബിനു വ്യക്തമാക്കി.
എരണ്ടക്കെട്ട് അവസാനമല്ല
ആനകളുടെ കുടലിൽ ദഹിക്കാത്ത ആഹാരം തടഞ്ഞുനിന്ന് അവ പെരുകി ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ ദഹനരോഗമാണ് എരണ്ടക്കെട്ട്. എന്നാൽ ഇത് ആനയുടെ അവസാനമാണെന്ന തെറ്റായ ധാരണയാണ് പൊതുവേ നിലവിലുള്ളത്.
ഈ ആശങ്ക അടിസ്ഥാനരഹിതമാണെന്നും കൃത്യമായ വിദഗ്ധ ചികിത്സ നൽകിയാൽ ആനകളെ ഇതിൽ നിന്ന് പൂർണ്ണമായി രക്ഷിക്കാനാകുമെന്നും ഡോ. പി.ബി.
ഗിരിദാസ് വ്യക്തമാക്കുന്നു. എങ്കിലും ചികിത്സാ കാര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്.
എരണ്ടക്കെട്ട് ഒരു ദഹനസംബന്ധമായ പ്രശ്നമായതിനാൽ ഭക്ഷണകാര്യത്തിൽ ചികിത്സാ സമയത്തും തുടർന്നും പ്രത്യേക ശ്രദ്ധ വേണം. രോഗം പൂർണ്ണമായി ഭേദമാകുന്നതുവരെ പനമ്പട്ട
പോലുള്ള എളുപ്പത്തിൽ ദഹിക്കാത്ത ആഹാരങ്ങൾ നൽകാൻ പാടില്ല. വ്യായാമമില്ലായ്മ ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നതിനാൽ ചികിത്സാ കാലയളവിൽ പോലും ആനയെ പതുക്കെ നടത്തിക്കണം.
കൂടാതെ ആനയുടെ പുറത്തും ശരീരത്തിലും ചെറുതായി ഡ്രൈ മസാജ് നൽകാവുന്നതാണ്. ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുള്ള ചികിത്സയും ആനപ്പാപ്പാന്റെ മികച്ച പരിചരണവുമാണ് ആനയെ വേഗത്തിൽ സുഖപ്പെടുത്തുന്നത്.
ചികിത്സയ്ക്ക് ശേഷം ആനയ്ക്ക് കൃത്യമായ ഭക്ഷണക്രമം ഉറപ്പാക്കണം. പട്ട, പുല്ല് തുടങ്ങിയ ഒരേതരം ആഹാരങ്ങൾ മാത്രം നൽകാതെ സമ്മിശ്രമായ ആഹാരം നൽകാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

