രാജ്യത്തെ പ്രവേശന പരീക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. നീറ്റ് (NEET-UG) പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വിപുലമായ തയ്യാറെടുപ്പുകളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ പ്രാരംഭ നടപടിയെന്നോണം രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) സഹായം എൻ.ടി.എ ഔദ്യോഗികമായി തേടിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്ക് വിരാമമിടാനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഓൺലൈൻ അഥവാ സി.ബി.ടി രീതിയിലേക്ക് പരീക്ഷ മാറ്റുന്നത്.
ഇതിന്റെ തുടർച്ചയായി, സർക്കാരിന് കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, മറ്റ് സാങ്കേതിക, മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ എ.ഐ.സി.ടി.ഇ അതത് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളുടെയും സിസ്റ്റങ്ങളുടെയും എണ്ണം, ഇൻറർനെറ്റ് അധിഷ്ഠിത നെറ്റ്വർക്കിംഗ് സൗകര്യങ്ങളും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുള്ള പവർ ബാക്കപ്പ്, യു.പി.എസ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്.
കൂടാതെ, കർശനമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സി.സി.ടി.വി (CCTV) നിരീക്ഷണ സംവിധാനങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കുന്ന ഒഴിവുള്ള സ്ഥലം എന്നിവ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളും അധികൃതർ തേടിയിട്ടുണ്ട്. ശേഖരിക്കുന്ന മുഴുവൻ വിവരങ്ങളും പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സ്വകാര്യ സെന്ററുകളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച്, സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേക ‘സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ’ (STC) സ്ഥാപിക്കുക വഴി വരാനിരിക്കുന്ന പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും പൂർണ്ണമായും ഉറപ്പാക്കുകയാണ് എൻ.ടി.എ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

