കുട്ടികൾക്കായി പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കൾ പൗരത്വ രേഖകൾക്കൊപ്പം കുടിയേറ്റ രേഖകളും നിർബന്ധമായും ഹാജരാക്കണമെന്ന് പുതിയ നിർദേശം വന്നതായി റിപ്പോർട്ടുകൾ. ജനനാവകാശ പൗരത്വം കർശനമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഇത്തരമൊരു പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്.
ജനനാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങളടങ്ങിയ രണ്ട് ഉത്തരവുകളിൽ ഓഗസ്റ്റ് 6-ാം തീയതിയാണ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്.
പ്രസവത്തിനായി അമേരിക്കയിലേക്ക് പ്രത്യേകമായി യാത്ര ചെയ്യുന്നവർ, യുഎസിലുള്ള വിദേശ സർക്കാർ ജീവനക്കാരുടെ കുട്ടികൾ, കൂടാതെ ശത്രുരാജ്യങ്ങളുടെ പൗരന്മാരായി വിലയിരുത്തപ്പെടുന്നവരുടെ കുട്ടികൾ എന്നിവർക്ക് പൗരത്വം ലഭിക്കുന്നത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്നതാണ് ഈ പുതിയ നയങ്ങളുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള രീതി അനുസരിച്ച് പാസ്പോർട്ട് അപേക്ഷാ ഫോമുകളിൽ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകൾ നൽകേണ്ടതില്ലായിരുന്നു.
എന്നാൽ ഈ നിലവിലെ നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ കരട് മാർഗനിർദേശം പുറത്തുവന്നിരിക്കുന്നത്. ഈ പുതിയ വ്യവസ്ഥ പ്രകാരം, യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്പോർട്ടിനായി അപേക്ഷ സമർപ്പിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കേണ്ടി വരും.
ഇതിനായി മാതാപിതാക്കൾ അംഗീകൃത യുഎസ് പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം കുടിയേറ്റ നില വ്യക്തമാക്കുന്ന I-94 ഫോം അല്ലെങ്കിൽ നിയമപരമായ സ്ഥിര താമസ കാർഡായ ഗ്രീൻ കാർഡ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. ഇത്തരം രേഖകളുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടിക്ക് പൗരത്വത്തിനുള്ള അർഹതയുണ്ടോ എന്ന് അധികാരികൾ നിർണയിക്കുക.
അമേരിക്കയിലെ ജനനാവകാശ പൗരത്വ സമ്പ്രദായം വെട്ടിച്ചുരുക്കുക എന്നത് ഡോണൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിൽ ഒന്നാണ്.
കുട്ടികൾക്ക് യുഎസ് പൗരത്വം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വീസകളുടെ മറവിൽ ഗർഭിണികളായ വിദേശ സ്ത്രീകൾ പ്രസവത്തിനായി മാത്രം രാജ്യത്ത് എത്തുന്ന പ്രവണതയായ ‘പ്രസവ ടൂറിസം’ പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

