വാഷിങ്ടൺ: ഇറാൻ്റെ സമ്പദ്വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ സാഹചര്യമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ.
ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചതങ്ങനെ: “എബിസി ഫേക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ, ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർ യാതൊരു വിലയുമില്ലാത്ത ഒരു കരാറിൽ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല.
ഹോർമുസ് കടലിടുക്കിന്മേൽ ഏതാണ്ട് പൂർണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്വ്യവസ്ഥ പൂർണമായി തകർന്നുകൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. അവർ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്.
ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?” ഇറാന് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ട്രംപിന്റെ ഈ പുതിയ അവകാശവാദം. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ് – ഇറാൻ സംഘർഷത്തിനിടയിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഇതിനുമുമ്പും രംഗത്തെത്തിയിരുന്നു.
എന്നാൽ അമേരിക്കയുടെ വാദങ്ങൾ കർശനമായി തള്ളിയ ഇറാൻ, ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിന് മറുപടിയെന്നോണം ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലുള്ള യുഎസിൻ്റെ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തിരിച്ചടി നൽകി. ജൂലൈ ആദ്യവാരത്തിലുണ്ടായ ആക്രമണ പരമ്പരകൾക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ശത്രുത വീണ്ടും മൂർച്ഛിക്കുകയാണ്.
പശ്ചിമേഷ്യൻ സാഹചര്യം വീണ്ടും അശാന്തമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ഡോളർ വർധിച്ച് കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

