കൊച്ചി: മുണ്ടംവേലി പിആന്റ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് ജിസിഡിഎ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഫ്ലാറ്റ് സമുച്ചയം നിലവിൽ കടുത്ത ചോർച്ചയെത്തുടർന്ന് ദുരിതാവസ്ഥയിലാണ്. ജിസിഡിഎ നിർമ്മിച്ച ഫ്ലാറ്റുകളുടെ ഉള്ളിലേക്ക് ശൗചാലയങ്ങളിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഒലിച്ചിറങ്ങുന്ന സാഹചര്യം മൂലം കുട്ടികൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ പോലും സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഈ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് ഉത്തരവിട്ടത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി.
ഏകദേശം രണ്ട് വർഷത്തോളമായി ഫ്ലാറ്റുകൾ അതിശോചനീയാവസ്ഥയിലാണെന്ന് ഇവിടത്തെ താമസക്കാർ പറയുന്നു. അറുപത്തിയഞ്ചോളം കുട്ടികളാണ് ഈ സമുച്ചയത്തിൽ താമസിക്കുന്നത്.
മഴ പെയ്താൽ മുകൾ നിലകളിലെ ശൗചാലയങ്ങളിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഒന്നിച്ചു ചേർന്ന് താഴത്തെ നിലകളിലേക്ക് ഒഴുകിയിറങ്ങുന്ന സ്ഥിതിയാണുള്ളത്. കുട്ടികളുടെ സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയിലേക്കെല്ലാം ഈ മലിനജലം വീണ് നശിക്കുന്നതിനാൽ കടുത്ത ദുരിതമാണ് താമസക്കാർ നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

