പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകൾ എത്തുന്ന കാസർകോട് ജനറൽ ആശുപത്രിയിലെ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. നിലവിൽ ഈ വിഭാഗത്തിൽ ആകെ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടർ മാത്രമാണ്.
മുൻപ് മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്താണ് കഴിഞ്ഞ നാല് ദിവസമായി ഈ ദയനീയ അവസ്ഥ തുടരുന്നത്. ഇതിനുപുറമേ, ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാതായിട്ട് മൂന്ന് മാസത്തോളമായി.
ഈ രണ്ട് പ്രധാന വിഭാഗങ്ങളിലും ചികിത്സ ലഭിക്കാതെ രോഗികൾ പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പലരെയും ഇവിടെ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും പരാതിയുണ്ട്. വിവിധ വകുപ്പുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ഈ ദുരിതത്തിനിടയിലാണ് ജില്ലയിൽ പനി വ്യാപകമായി പടരുന്നത്.
ദിനംപ്രതി ഇരുനൂറിലധികം പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. പല കുടുംബങ്ങളും ഒന്നാകെ പനി ബാധിച്ച് കിടപ്പിലാകുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.
ഈ പശ്ചാത്തലത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നും മുഴുവൻ സമയ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ പോലും നീണ്ട
ക്യൂ നിൽക്കേണ്ടി വരുന്നതിനാൽ സാധാരണക്കാരായ രോഗികൾ നിർബന്ധിതരായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. സർക്കാർ ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികൾക്കും കൃത്യസമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്ന് ശക്തമായ ജനകീയ ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നുള്ള നടപടികൾ വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

