തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഉണ്ടായ ഭയപ്പെടുത്തുന്ന റോഡപകടത്തിൽ നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടപ്പെട്ട
പാൽ വാൻ റോഡരികിൽ നിന്ന കുട്ടികളുടെമേൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു.
ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തുള്ള സമത്വപുരത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സംഭവസമയത്ത് പ്രദേശവാസിയായ അഞ്ചമ്മാൾ (60) ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം റോഡരികിൽ ആടുകളെ മേയ്ക്കുകയായിരുന്നു.
ഈ സമയത്താണ് അതിവേഗത്തിലെത്തിയ പാൽ വണ്ടി നിയന്ത്രണം വിട്ട് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോഷികരൺ (6) എന്നിവർ സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞു.
മരിച്ചവരിൽ രണ്ടുപേർ സഹോദരിമാരാണ്. ദുരന്ത വിവരമറിഞ്ഞ് ഞെട്ടലിലായ അഞ്ചമ്മാൾ സംഭവസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടമധുരൈ പോലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഡിണ്ടിഗൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ വടമധുരൈ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാഹനം ഓടിച്ച ഡ്രൈവറെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

