കരിമണ്ണൂർ മേഖലയിൽ നെയ്യശേരി-തോക്കുമ്പൻസാഡിൽ റോഡിൽ നാരങ്ങാനത്തിനു സമീപം ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് റോഡിലേക്ക് പതിച്ച കൂറ്റൻ പാറ ഒരു മാസം പിന്നിട്ടിട്ടും നീക്കം ചെയ്യാൻ അധികൃതർ തയാറായില്ല. നിർമാണ കമ്പനിയുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ശക്തമായി ആരോപിക്കുന്നു.
ഓഗസ്റ്റ് 1ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലും പാറ വീഴ്ചയും ഉണ്ടായത്. റോഡിലേക്ക് പാറ വീണു കിടക്കുന്നതു കാരണം തൊമ്മൻകുത്ത് ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ വണ്ണപ്പുറം മുണ്ടൻമുടി റൂട്ടിലാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. അതേസമയം, ഖനനത്തിന് നിയന്ത്രണമുള്ള പ്രദേശം ആയതിനാൽ കലക്ടറേറ്റിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചെങ്കിൽ മാത്രമേ ഈ പാറ പൊട്ടിച്ചു നീക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ വിശദീകരണം.
പാറ റോഡിൽ തന്നെ കിടക്കുന്നത് ആനയാടികുത്തിലേക്ക് എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്ക് വലിയ തോതിലുള്ള ദുരിതമാണ് സൃഷ്ടിക്കുന്നത്. വലിയ വാഹനങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ മണിയൻ സിറ്റിയിൽ ഇറങ്ങിയ ശേഷം ട്രിപ് ജീപ്പുകളെ ആശ്രയിക്കേണ്ട
ഗതികേടിലാണ്. കൂടാതെ, തൊമ്മൻകുത്ത് ഭാഗത്തുനിന്നും മുണ്ടൻമുടിയിലേക്കും വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാന പാതയിലേക്കും ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാതയെയാണ്.
ഗതാഗതത്തിന് പൂർണ്ണമായും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കിടക്കുന്ന പാറ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

