ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കോടികളുടെ വികസന പദ്ധതികൾ പൂർത്തിയായിട്ടും പകുതിയിലേറെ ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പില്ലാത്തത് യാത്രക്കാരുടെ യാത്രാക്ലേശം രൂക്ഷമാക്കുന്നു. പ്രധാനപ്പെട്ട
പല ദീർഘദൂര വണ്ടികളും ഇവിടെ നിർത്താതെ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള കണക്കുകൾ പ്രകാരം തൃശൂർ, എറണാകുളം ഭാഗങ്ങളിൽ നിന്നായി പാലക്കാട് ഭാഗത്തേക്ക് 53 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
ഇതിൽ 17 എണ്ണത്തിനു മാത്രമാണു നിലവിൽ ഒറ്റപ്പാലത്ത് സ്റ്റോപ്പുള്ളത്. ഇത്തരത്തിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകളിൽ ഏറെയും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള പ്രധാന സർവീസുകളാണ്.
തിരിച്ചു പാലക്കാട് ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് 50 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 16 എണ്ണത്തിനു മാത്രമാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ കയറാതെ കടന്നുപോകുന്ന ചില ട്രെയിനുകൾക്കു പോലും സ്റ്റോപ് ഏർപ്പെടുത്താത്തത് വലിയൊരു വിഭാഗം യാത്രക്കാരെയാണ് വലയ്ക്കുന്നത്.
തൃശൂരിനും പാലക്കാടിനും മധ്യേയുള്ള പ്രധാന സ്റ്റേഷൻ എന്ന നിലയിൽ ഇത്തരം വണ്ടികൾക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചാൽ മലപ്പുറം ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിലെ യാത്രക്കാർക്കും വലിയ തോതിൽ പ്രയോജനകരമാകും. കൂടാതെ, ഒറ്റപ്പാലം, പത്തിരിപ്പാല, പട്ടാമ്പി, ഷൊർണൂർ, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, ചെറുതുരുത്തി, മായന്നൂർ, തിരുവില്വാമല, പഴയന്നൂർ, ചേലക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിലെ യാത്രക്കാർക്കും പുതിയ സ്റ്റോപ്പുകൾ ഏറെ സഹായകമാകും.
മുൻകാലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും വരുമാനത്തിന്റെയും കുറവാണ് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതിന് റെയിൽവേ തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, നിലവിൽ ഈ പ്രതിസന്ധികൾക്ക് വലിയ പരിഹാരമായിട്ടുണ്ട്.
അമൃത്ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ അന്തിമഘട്ടത്തിലേക്കു നീങ്ങുന്നത്. കൂടാതെ, കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ റെയിൽവേ സ്റ്റേഷന്റെ വരുമാനത്തിലും കാര്യമായ വർധനയുണ്ടായിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

