മുംബൈ∙ പ്രമുഖ വ്യവസായ ശൃംഖലയായ ടാറ്റാ സൺസ് ഹോൾഡിങ് കമ്പനിയിലെ 18.4% ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ഷാപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന പശ്ചാത്തലത്തിൽ, ടാറ്റയിലെ ഓഹരികൾ വിറ്റഴിച്ചു ലഭിക്കുന്ന തുക ഉപയോഗിച്ച് ബാധ്യതകൾ തീർക്കാനാണ് എസ്പി ഗ്രൂപ്പിന്റെ ലക്ഷ്യം.
നിലവിൽ എസ്പി ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റാ സൺസ് ഓഹരികൾക്ക് പകരമായി, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റ് മുൻനിര ടാറ്റാ കമ്പനികളായ ടാറ്റ പവർ, ടിസിഎസ് എന്നിവയുടെ ഓഹരികൾ കൈമാറുന്ന ‘ഷെയർ സ്വാപ്’ മാതൃകയ്ക്കാണ് ചർച്ചകളിൽ പ്രധാന പരിഗണന നൽകുന്നത്. ഇതിനിടയിൽ, കോറം തികയാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്ന വാർഷിക പൊതുയോഗം നടത്തുന്നതിനായി റജിസ്ട്രാർ ഓഫ് കമ്പനീസ് ടാറ്റാ സൺസിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചിട്ടുണ്ട്.
ടാറ്റാ സൺസിലെ പ്രധാന ഓഹരി ഉടമകളിലൊന്നായ സർ രത്തൻ ടാറ്റാ ട്രസ്റ്റിന് മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണർ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ കാരണം പ്രതിനിധികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഈ മാസം 18-ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെക്കേണ്ടി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

