കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ മത്സരം വീക്ഷിക്കാനെത്തുന്ന കാണികള്‍ക്കായി ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്. മത്സരത്തിനിടെ ഗാലറിയില്‍ ഇരുന്ന് പന്ത് ക്യാച്ചെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് 6000 രൂപ ക്യാഷ് പ്രൈസാണ് കെസിഎ സമ്മാനമായി നല്‍കുന്നത്.
ഓണക്കാലത്ത് കളി ആസ്വദിക്കാനെത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ കായികപ്രേമികളെ ആകര്‍ഷിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മത്സരങ്ങളുടെ സുതാര്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നതിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കളിക്കിടെ കാണികള്‍ എടുക്കുന്ന ക്യാച്ചുകള്‍ ഈ ക്യാമറകളുടെ സഹായത്തോടെ നിരീക്ഷിച്ചാകും വിജയികളെ നിര്‍ണയിക്കുക. സമ്മാനത്തിന് അര്ഹമാകുന്നവര് അന്നത്തെ മത്സരം അവസാനിച്ചയുടന്‍ തന്നെ സ്റ്റേഡിയത്തിലെ ഫാന്‍ വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ഓണാവധിക്കായി സ്കൂളുകള്‍ അടച്ചതോടെ കുടുംബസമേതവും കുട്ടികളടക്കമുള്ളവരും മത്സരങ്ങള്‍ കാണാനായി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാലറികളില്‍ കാണികളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ കായികപ്രേമികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കളിയുടെ ആവേശത്തിനൊപ്പം കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഫാന്‍ വില്ലേജ് ഒരുക്കിയിരിക്കുന്നത്.
തികച്ചും സൗജന്യമായ പ്രവേശനമുള്ള ഇവിടെ 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനായി ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങി വിവിധ കാര്‍ണിവല്‍ ഗെയിമുകളും ബാട്ടണ്‍ ക്യാച്ചര്‍, ഭീമന് കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ ഔദ്യോഗിക ടീം മെര്‍ച്ചന്‍ഡൈസ് സ്റ്റാളുകളും വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും ഫാന്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിനവുമുള്ള വേറിട്ട
വിനോദപരിപാടികള്‍ ഈ ഓണക്കാലത്തെ ക്രിക്കറ്റ് ആവേശത്തിന് കൂടുതല്‍ മാറ്റുകൂട്ടുമെന്ന് കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

