നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിന്റെ നടുക്കം മാറാതെ മലയാളികൾ. വിനോദസഞ്ചാരത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ 14 അംഗ സംഘത്തിലുള്ള കോട്ടയം സ്വദേശി അഭിറാം വി. ആണ് ദുരന്തത്തിന്റെ ഭീകരത നേരിട്ട് സാക്ഷ്യപ്പെടുത്തിയത്.
കാഠ്മണ്ഡുവിൽ നിന്ന് മനോകാമ്ന ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് സംഘത്തിന് നേരെ പ്രകൃതിയുടെ കടുത്ത കോപമുണ്ടായത്. സംഭവത്തെക്കുറിച്ച് അഭിറാം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി.
പെട്ടെന്ന് വെള്ളം കൂടിവന്നു. ആളുകൾ ഓടിമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
പൊലീസുകാർ വണ്ടി വന്ന് ബ്ലോക്ക് ചെയ്തു. അവിടെ ആറു മണിക്കൂർ പെട്ടു കിടന്നു.
ഇപ്പോൾ കാട്ടിലൂടെ സഞ്ചരിച്ച് പൊഖാറയിലോട്ട് ഞങ്ങൾ പോവുകയാണ്. അവിടെ താമസിക്കാനാണ് നിലവിലെ പ്ലാൻ.
ഇതുവരെയുള്ള വഴിയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് എങ്ങനെയാണെന്ന് അറിയില്ല.
പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ് ’’ കഴിഞ്ഞ ഓഗസ്റ്റ് 23 ന് കൊച്ചിയിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് ഈ സംഘം യാത്ര തിരിച്ചത്. ലെൻസ്ഫെഡ് എൻജിനീയേഴ്സ് അസോസിയേഷനിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്രികർ.
ട്രാവൽ ഹബ് 24 എന്ന ഏജൻസിയാണ് ഇവർക്കായുള്ള യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയത്. കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് പോയ ആകെ 36 അംഗ സംഘത്തിലെ ഒരു ഭാഗമാണ് ഈ യാത്രാസംഘം.
അതേസമയം, നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ ഇതുവരെ 16 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി.
ഇതിനിടെ പ്രളയത്തിൽ 105 ഇന്ത്യക്കാരെ കാണാതായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്ന് കുതിച്ചെത്തിയ വെള്ളമാണ് നേപ്പാളിൽ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചതെന്നാണ് മാധ്യമങ്ങളിൽ നിന്നുള്ള വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

