തലസ്ഥാനത്ത് ഭക്ഷണശാലയിൽ അധികമായി ചോറ് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് ക്രൂരമർദ്ദനത്തിനിരയാകേണ്ടി വന്നത്. ഇന്ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
സ്ഥാപനത്തിൽ നിന്നും ഹാഫ് മന്തി വാങ്ങിയ വിദ്യാർത്ഥികൾ അധികമായി ചോറ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫുൾ മന്തി ഓർഡർ ചെയ്യുന്നവർക്ക് മാത്രമേ അധികമായി റൈസ് നൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു കടയിലെ ജീവനക്കാർ.
ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം ഉടലെടുക്കുകയും, തുടർന്ന് കടയുടമയും മറ്റ് തൊഴിലാളികളും ചേർന്ന് കുട്ടികളെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ ബന്ധുക്കൾ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ നടപടിയെടുത്ത പേട്ട പൊലീസ്, കടയുടമ ഉൾപ്പെടെയുള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

