മൂവാറ്റുപുഴ ജില്ലയാക്കി മാറ്റാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. സംസ്ഥാനത്ത് മുൻഗണനാ അടിസ്ഥാനത്തിൽ ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ പുതിയ ജില്ലയാണെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ വ്യക്തമാക്കി.
കാൽ നൂറ്റാണ്ടിലധികമായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴയേക്കാൾ കൂടുതൽ അനിവാര്യത മലപ്പുറത്താണ് ഉള്ളതെന്ന് പി.കെ നവാസ് എംഎൽഎയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തിരൂർ ആസ്ഥാനമായി പുതിയ ജില്ലയെന്ന ആവശ്യം രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ തിരൂരിനെ ജില്ലയാക്കണമെന്ന ആവശ്യത്തിന്മേൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.
തുഞ്ചന്റെ മണ്ണും തീരപ്രദേശവും ഉൾപ്പെടുന്ന ഈ മേഖലയ്ക്കായി സംസ്ഥാനതലത്തിൽ തന്നെ ജില്ലയുടെയും താലൂക്കുകളുടെയും പുനക്രമീകരണം അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ പ്രധാന ആവശ്യം.
എറണാകുളത്ത് മൂവാറ്റുപുഴ എന്നതിനേക്കാൾ മലപ്പുറത്ത് പുതിയ ജില്ലയാണ് വേണ്ടതെന്ന് കണക്കുകൾ നിരത്തി പി.കെ നവാസ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനിടെ, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി സമസ്തയുടെ ഇരുവിഭാഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ പരിശോധനയ്ക്കായി സമിതി രൂപീകരിക്കുമെന്ന് റവന്യു മന്ത്രി എ.പി അനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

