ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ ഓള്‍റൗണ്ടര്‍ സിജോമോന്‍ ജോസഫിന്റെ മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഈ സീസണിലെ ആദ്യ വിജയം. കൊച്ചി ബ്ലൂടൈഗേഴ്സിനെതിരെ 55 റണ്‍സിന്റെ ആധികാരിക ജയമാണ് ടീം സ്വന്തമാക്കിയത്.
ആറാമനായി ക്രീസിലെത്തി പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം, പിന്നീട് ബൗളിംഗിലും കളം നിറഞ്ഞാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം 37 പന്തില്‍ 56 റണ്‍സ് നേടിയ സിജോമോന്റെ കരുത്തിലാണ് 185 എന്ന മികച്ച സ്കോറിലേക്ക് കുതിച്ചെത്തിയത്.
സ്കോര്‍ബോര്‍ഡിന് അടിത്തറ പാകിയത് അക്ഷയ് മനോഹറും സിജോമോനും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. മികച്ച ഫോമില്‍ ബാറ്റുവീശിയ ഇരുവരും 40 പന്തില്‍ നിന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
32 റണ്‍സെടുത്ത അക്ഷയിനെ സാലി സാംസണ് മടക്കിയെങ്കിലും സിജോമോന്‍ സ്കോറിങ് വേഗം കുറച്ചില്ല. തുടര്‍ന്നെത്തിയ വിനോദ് കുമാറിനെ കൂട്ടുപിടിച്ച് ഡെത്ത് ഓവറുകളില്‍ അദ്ദേഹം റണ്ണടിച്ചുകൂട്ടി.
കേവലം 26 പന്തില്‍ നിന്നാണ് ഈ സഖ്യം 44 റണ്‍സ് അടിച്ചെടുത്തത്. ഇന്നിങ്സിന്റെ തുടക്കത്തില്‍ കരുതലോടെ കളിച്ച സിജോമോന്‍ പതിനൊന്നാം ഓവറെറിഞ്ഞ മുഹമ്മദ് ആഷിഖിനെ ബൗണ്ടറി കടത്തിയാണ് തന്റെ അറ്റാക്കിങ് ഗെയിമിന് തുടക്കമിട്ടത്.
14-ാം ഓവറില്‍ ആഷിഖിനെതിരെ തുടര്‍ച്ചയായി രണ്ട് ഫോറുകള്‍ കൂടി പായിച്ച് റണ്‍റേറ്റ് ഉയര്‍ത്തി. ഈ ഓവറില്‍ മാത്രം 16 റണ്‍സാണ് പിറന്നത്.
15-ാം ഓവര്‍ എറിഞ്ഞ കൊച്ചിയുടെ ക്യാപ്റ്റന്‍ സാലി സാംസന്റെ രണ്ട് പന്തുകള്‍ തുടരെ അതിര്‍ത്തി കടത്തി. ഇന്നിങ്സിലെ അവസാന രണ്ട് പന്തുകള്‍ ഫോറും സിക്സും പറത്തി സ്കോര്‍ 185-ല്‍ എത്തിച്ചതിനൊപ്പം താരം തന്റെ അര്‍ദ്ധസെഞ്ചുറിയും ഗംഭീരമായി പൂര്‍ത്തിയാക്കി.
രണ്ട് കൂറ്റന്‍ സിക്സറുകളും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ മാസ്മരിക ഇന്നിങ്സ്. ബാറ്റിങ്ങിലെ ഹീറോയിസത്തിന് പിന്നാലെ പന്തുമായി എത്തിയപ്പോഴും സിജോമോന്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തി.
മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഈ ഓള്‍റൗണ്ടര്‍ പിഴുതത്. മൊഹമ്മദ് ഷാനു, ആല്‍ഫി ഫ്രാന്‍സിസ് എന്നിവരെ കൃത്യതയാര്‍ന്ന പന്തുകളിലൂടെ പവലിയനിലേക്ക് മടക്കിയ സിജോമോന്‍ ട്രിവാന്‍ഡ്രത്തിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

